Kerala PSC planning board exam: നിയമപോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ശ്യാം കൃഷ്ണന്‍; പുനഃമൂല്യനിര്‍ണയത്തില്‍ ഒന്നാം റാങ്ക്
Kerala PSC planning board revised rank list released: പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് ഒന്നാം റാങ്ക്. നേരത്തെ ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്യാമിന്റെ നിയമപോരാട്ടങ്ങളാണ് പുനര്‍മൂല്യനിര്‍ണയത്തിലേക്ക് വഴി തുറന്നത്. 78.5 മാര്‍ക്കാണ് പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ശ്യാമിന് ലഭിച്ചത്. അരുണിന് കിട്ടിയത് 64.25 മാര്‍ക്കും.

Kerala Public Service Commission
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ റാങ്ക് ലിസ്റ്റ് പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം പിഎസ്‌സി പ്രസിദ്ധീകരിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് ഒന്നാം റാങ്ക്. നേരത്തെ ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്യാമിന്റെ നിയമപോരാട്ടങ്ങളാണ് പുനര്‍മൂല്യനിര്‍ണയത്തിലേക്ക് വഴി തുറന്നത്. 78.5 മാര്‍ക്കാണ് പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ശ്യാമിന് ലഭിച്ചത്. അരുണിന് കിട്ടിയത് 64.25 മാര്‍ക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്ട്രി വിഭാഗം ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ആദ്യ റാങ്ക് ലിസ്റ്റാണ് വിവാദമായത്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് കമ്മീഷന്‍ റാങ്ക് പട്ടിക തയ്യാറാക്കിയത്.
ഇതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. ഒമ്പത് മുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് (ആകെ 58 മാര്‍ക്ക്) മൂല്യനിര്‍ണയം നടത്താതിരുന്നത്. സംഭവം ഏറെ വിവാദമായതോടെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ പിഎസ്‌സി നിര്‍ബന്ധിതരാവുകയായിരുന്നു.
2022-ലാണ് ഈ തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറത്തുവന്നത്. 1,23,700-166,800 ആണ് ശമ്പളസ്‌കെയില്‍. 2023 ജൂലൈയില്‍ പരീക്ഷ നടന്നു. 2025 ഫെബ്രുവരിയില്‍ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. അഭിമുഖത്തിന് ശേഷം മെയ് 31-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പെര്‍സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷനിലെ റാങ്ക് ലിസ്റ്റും കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരാള്‍ മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. പ്ലാന്‍ കോര്‍ഡിനേഷന്‍ ഡിവിഷന്‍ റാങ്ക് ലിസ്റ്റില്‍ മാറ്റമില്ല.
ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
നേരത്തെ, പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിയെ കേരള ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ വാദം ശരിയല്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കമ്മീഷനെതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്നും ഹൈക്കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചിരുന്നു. സംഭവിച്ചത് ക്ലറിക്കല്‍ പിഴവാണെന്നായിരുന്നു കമ്മീഷന്റെ ന്യായീകരണം. എന്നാല്‍ ക്ലറിക്കല്‍ പിഴവായി ഇത് ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആസൂത്രിതമായി നടത്തിയ തട്ടിപ്പാണ് ഇതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മൂല്യനിര്‍ണയം നടത്താത്തത് ക്ലറിക്കല്‍ പിഴവാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
നോട്ടീസ് നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെയും കോടതി വിമര്‍ശിച്ചു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കേരള ഹൈക്കോടതി ചോദിച്ചിരുന്നു. നോട്ടീസ് നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ ഹാജരാകുന്നില്ലെങ്കില്‍ അടുത്ത നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
English Summary
Kerala PSC published a revised rank list for the State Planning Board Chief post exam. The update follows a prolonged legal battle over a severe evaluation error involving unassessed answer sheets. The original topper, Arun J Prathap, dropped to fifth place after revaluation. Complainant Shyam Krishnan secured the first rank following the court-backed correction.