Kerala Rain Alert: ആശ്വസിക്കാൻ വരട്ടേ… മുന്നറിയിപ്പ് ഇല്ലന്നേ ഉള്ളു! ഇടിമിന്നലോടുകൂടിയ മഴ തുടരും
Kerala Weather Update: വടക്കൻ തമിഴ്നാട് തീരം പുതുച്ചേരി തീരങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രഖ്യാപനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.. മണിക്കൂറുകൾ ഇടവിട്ടുള്ള അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ ഔദ്യോഗിക പേജുകളിൽ പ്രസിദ്ധീകരിക്കും.
അതിനാൽ ഇത് ശ്രദ്ധിക്കുക. എന്നാൽ കഴിഞ്ഞ ദിവസം പ്രത്യേക മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. മൂന്ന് ജില്ലകളിൽ ഇന്നലെ മഞ്ഞ അലർട്ട് ആയിരുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയായിരുന്നു കഴിഞ്ഞദിവസം.
എന്നാൽ ഇന്ന് അത്തരത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ എന്ന രീതിയിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ നാളെ തുടങ്ങി മഴ വീണ്ടും സജീവമാകാനാണ് സാധ്യത. കാരണം ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചിട്ടുണ്ട്.
കൂടാതെ ഇന്ന് വടക്കൻ തമിഴ്നാട് തീരം പുതുച്ചേരി തീരങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് രാവിലെയോടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങൾ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത. കടൽ പ്രക്ഷുബ്ധമായാണ് തുടരുന്നത്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.