Kerala Weather Update Today: മഴ മാത്രമല്ലാ… കടലാക്രമണവും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Heavy Showers Predicted Today; Coastal Residents Advised Caution: മഴയ്ക്ക് പുറമെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ 07/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യയയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണകിലെടുത്ത് ഇന്ന് ഒക്ടോബർ 6-ന് ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിലെ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒക്ടോബർ ഒൻപതിനും മഴയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടൂണ്ട്.
യെല്ലോ അലേർട്ട്
09/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ അഞ്ചിന് പുറത്തുവിട്ട മാപ്പ് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മറ്റു പ്രദേശങ്ങളിൽ ഭേതപ്പെട്ട മഴയും ലഭിച്ചിട്ടുണ്ട്.
കള്ളക്കടൽ
മഴയ്ക്ക് പുറമെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ 07/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് കന്യാകുമാരി തീരത്ത് നാളെ രാത്രി 08.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
English Summary
The IMD has issued a yellow alert for seven districts in Kerala, warning of isolated heavy rainfall, while INCOIS alerted coastal areas to potential ‘Kallakkadal’ swell surges until tomorrow.