രാത്രിയിലും ജാഗ്രത വേണം! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത
Kottayam & Idukki on Orange Alert : കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മീനച്ചിലാറ്റില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യത.
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ (ഇന്ന് രാത്രി ഏഴ് മുതല്‍ 10 വരെ) കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മറ്റ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മീനച്ചിലാറ്റില്‍ ജലനിരപ്പുയരാന്‍ സാധ്യത
മീനച്ചിലാറ്റില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് കോട്ടയം ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലിനും, മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ശക്തമായ മഴയെ തുടര്‍ന്ന് വാഗമണ്‍-ഈരാറ്റുപേട്ട റോഡില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു.
Also Read: Vattavada Landslide : വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നു, രണ്ട് പേർക്ക് ദാരുണാന്ത്യം
വട്ടവടയില്‍ മണ്ണിടിച്ചില്‍
അതേസമയം, ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപമാണ് അപകടമുണ്ടായത്. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍, സഹോദരി ചിന്നമ്മ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രന്റെ സഹോദരി മാരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ വീടിന്റെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൃഷി ഭൂമിയില്‍ ജോലി ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഷെഡിലേക്ക് മാറുകയായിരുന്നു. ഈ സമയത്താണ് മണ്ണിടിഞ്ഞ് ഷെഡിന് മുകളിലേക്ക് വീണത്. പ്രദേശത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.
അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത
വടക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴി സെപ്തംബര്‍ 22-ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തുടര്‍ന്ന് 23-ന് രാവിലെ തെക്കന്‍ ഒഡീഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്ക് അടുത്തുള്ള മധ്യ പടിഞ്ഞാറന്‍, സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ എത്തിയേക്കും. സംസ്ഥാനത്ത് സെപ്തംബര്‍ 24 വരെ നേരിയതോ, മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
English Summary
An Orange alert has been issued for Kottayam and Idukki districts due to heavy rainfall. A landslide caused by continuous rain has blocked the Vagamon–Erattupetta road. Authorities advise avoiding non-essential travel to hilly areas due to landslide risks. Rising water levels in the Meenachil River threaten flooding in Teekoy, Erattupetta, and Pala.