Kerala Tourist Bus Color: കളർഫുള്ളാകും! ടൂറിസ്റ്റ് ബസ്സുകൾക്ക് നിറം മാറാം; വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു
Kerala Tourist Bus White Color Rules: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് നിറം മാറ്റാമെന്നുള്ള ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരവും ലഭിച്ചിരിക്കുകയാണ്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ജി സ്പർജൻ കുമാർ, ഐജി പി പ്രകാശ്, സർക്കാർ നോമിനി കെ സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ് ഉടമകൾക്കും ഓപ്പറേറ്റർമാർക്കും വലിയ ആശ്വാസം. ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് നിറം മാറ്റാമെന്നുള്ള ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരവും ലഭിച്ചിരിക്കുകയാണ്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ജി സ്പർജൻ കുമാർ, ഐജി പി പ്രകാശ്, സർക്കാർ നോമിനി കെ സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി ടൂറിസ്റ്റ് ബസ്സുകളുടെ നിറവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്കും തർക്കങ്ങൾക്കും വിരാമമിടുന്നതാണ് പുതിയ തീരുമാനം. വെള്ളനിറം നിർബന്ധമാക്കിയതോടെ ബസ്സുകളുടെ രൂപകല്പനയിലും ബ്രാൻഡിംഗിലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നതായി ബസ് ഉടമകൾ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ടൂറിസ്റ്റ് ബസ്സുകൾക്ക് ഇഷ്ടമുള്ള നിറങ്ങൾ നൽകാനും നിറം മാറ്റാനുമുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
ALSO READ: തിരുവനന്തപുരത്ത് ഇന്ന് വെള്ളമില്ല, തൃശ്ശൂരിൽ കുടിവെള്ളം എത്തും
വെള്ളം നിറം നിർബന്ധമാക്കിയത് എപ്പോൾ?
2022-ലെ വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ബസുകൾക്ക് ഏകീകൃത വെള്ള നിറം നിർബന്ധമാക്കി ഉത്തരവിറക്കിയത്. എന്നാൽ, ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകളുടെ ഭാഗത്ത് നിന്ന് നിരന്തരം പരാതികൾ ഉയർന്നിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങൾക്ക് ഓട്ടം കിട്ടാനില്ലാത്ത അവസ്ഥയുണ്ടാക്കി.
ആയിരക്കണക്കിന് തൊഴിലാളികളെയാണ് ഈ പ്രതിസന്ധി ബാധിച്ചതെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നിരവധി ബസ് ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയത്. അതേസമയം, ബസുകളുടെ നിറത്തിൽ ഇളവുകൾ അനുവദിച്ചാലും സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള കർശന നിയന്ത്രണങ്ങൾ തുടരും. സുരക്ഷയുടെ ഭാഗമായിട്ടാണ് നേരത്തെ നിറത്തിലും മാറ്റം വരുത്തിയത്.
മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പരസ്യങ്ങളോ ബസുകൾക്ക് പുറത്ത് പതിപ്പിക്കാൻ ഇപ്പോഴും അനുവദിക്കില്ല. അനധികൃതമായി എൽഇഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ല. കൂടാതെ, സർവീസുകളുടെ പ്രചാരണത്തിനായി വാഹനങ്ങളിൽ പരസ്യം പതിപ്പിക്കുന്നതിനും പൂർണ വിലക്കുണ്ടാകും. 2019-ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ബസ് ഉടമകൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ നിയമത്തിൽ ലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary:
State Transport Authority withdrew the mandatory white color rule for tourist buses. Strict safety regulations remain, Know the full details and latest guidelines here.