Kerala UDF cabinet missing names: ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു; മന്ത്രിസഭയില്‍ ഇടം നേടാതെ പോയ പ്രമുഖര്‍
Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. എന്നാല്‍ ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു. ചില മുതിർന്ന നേതാക്കളുടെയും യുവനിരയിലെ ശ്രദ്ധേയരുടെയും അഭാവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെയും പരിഗണിച്ചില്ല. തിരുവഞ്ചൂര്‍ സ്പീക്കറാകും. ഷാനിമോളാണ് ഡെപ്യൂട്ടി സ്പീക്കര്‍. മന്ത്രിസ്ഥാനം ലഭിക്കാത്ത പ്രമുഖരെ നോക്കാം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസിലെ മുതിര്‍ന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ മന്ത്രിസഭയിൽ നിർണായകമായ ഏതെങ്കിലും വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ തിരുവഞ്ചൂരിനെ സ്പീക്കര്‍ സ്ഥാനത്തേക്കാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
ഷാനിമോൾ ഉസ്മാൻ
ഷാനിമോള്‍ ഉസ്മാനും മന്ത്രിസഭയില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. തന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരമെന്ന് ഷാനിമോള്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാനിമോള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമാണ് ലഭിച്ചത്.
ചാണ്ടി ഉമ്മൻ
52,907 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ച ചാണ്ടി ഉമ്മനും മന്ത്രിസഭയില്‍ ഇടം നേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ചാണ്ടിയുടെ പേര് വെട്ടി.
വി.ടി. ബൽറാം
തൃത്താലയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ എം.ബി. രാജേഷിനെ തോല്‍പിച്ച വിടി ബല്‍റാമും മന്ത്രിസഭയില്‍ ഇടം നേടിയില്ല. ബല്‍റാം മന്ത്രിയാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ സാദത്തിന് വേണ്ടി രമേശ് ചെന്നിത്തല വിഭാഗം വാദിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. എന്‍ ശക്തനാണ് ഒഴിവാക്കപ്പെട്ട മറ്റൊരു നേതാവ്.
കെസി വേണുഗോപാല്‍ പക്ഷത്തിലെ നേതാക്കളാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും. സാമൂഹിക, സാമുദായിക മാനദണ്ഡങ്ങള്‍ മൂലമുള്ള പരിമിത കാരണം അര്‍ഹതയുള്ള പലരെയും ഒഴിവാക്കേണ്ടി വന്നതില്‍ നിരാശയുണ്ടെന്നായിരുന്നു സതീശന്റെ പ്രതികരണം.
കോണ്‍ഗ്രസ് മന്ത്രിമാര്‍
മുഖ്യമന്ത്രി വി.ഡി സതീശന്‍ ധനം, ധനം, തുറമുഖ വകുപ്പുകളും കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ ചുമതല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നിയുക്ത റവന്യൂ മന്ത്രി. എപി അനില്‍കുമാര്‍ ആരോഗ്യവകുപ്പ് മന്ത്രിയാകും. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച മുതിര്‍ന്ന നേതാവ് കെ. മുരളീധരന് വൈദ്യുതി വകുപ്പാണ് ലഭിച്ചത്. ഇതില്‍ മുരളീധരന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പിസി വിഷ്ണുനാഥിന് ടൂറിസം, സംസ്‌കാരിക വകുപ്പുകള്‍ ലഭിച്ചു. എം ലിജുവിനാണ് എക്‌സൈസ്, സഹകരണ വകുപ്പുകള്‍. ടി സിദ്ദിഖാണ് നിയുക്ത വനംവകുപ്പ് മന്ത്രി. ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രിയാകും. യുവജനക്ഷേമവകുപ്പ് ഒജെ ജെനീഷ് കൈകാര്യം ചെയ്യും. റോജി എം ജോണാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. എസ്‌സി, എസ്ടി വകുപ്പ് ടേം വ്യവസ്ഥയില്‍ കെഎ തുളസിയും, ഐസി ബാലകൃഷ്ണനും കൈകാര്യം ചെയ്യും.
English Summary
UDF cabinet led by VD Satheesan will be sworn in on May 18. Several high-profile Congress MLAs were unexpectedly left out. Key figures like Chandy Oommen and VT Balram missed out. Senior leaders Thiruvanchoor Radhakrishnan and Shanimol Osman were shifted to legislative roles instead of cabinet posts.