AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ന്യൂനമർദ്ദവും മഴയും ദാ വരുന്നൂ, ഇനി ചൂടിന് വിട; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Latest Update: ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.

Kerala Weather Update: ന്യൂനമർദ്ദവും മഴയും ദാ വരുന്നൂ, ഇനി ചൂടിന് വിട; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Image Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 20 Feb 2026 | 02:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമേകി ഇതാ കുളിർമഴ എത്തുന്നു. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, കേരളത്തിലെ നാളെയും മറ്റെന്നാളും അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് (ഞായറാഴ്ച്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മേൽപ്പറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.

ALSO READ: തിരുമ്പി വന്തിട്ടേ… ഇടിമിന്നലോട് കൂടിയ മഴ! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.

അതുപോലെ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതുമൂലമാണ് കേരളത്തിൽ ഫെബ്രുവരി 20 മുതൽ 24 വരെയുള്ള തീയതികളിൽ നേരിയ/ഇടത്തരം മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. 21, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 23ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പകലും രാത്രിയും ഉഷ്ണതരം​ഗത്തിന് സമാനമായ ചൂടാണ് രേഖപ്പെടുത്തുന്നത്.