Kerala Weather Update: മഴ പെയ്താലും രക്ഷയില്ലേ, ചൂടോട് ചൂട് തന്നെ, ഇന്നത്തെ കാലാവസ്ഥ
Weather Update in Kerala April 22: ഒമ്പത് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കായി ഇനിയും കാത്തിരിക്കണം. വരുംദിവസങ്ങളിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ചൂടിന് അൽപം കുറവുണ്ടാകും. എതിർ ചുഴലിയുടെ ശക്തി കുറഞ്ഞാൽ മാത്രമേ എല്ലാ ജില്ലകളിലും ശക്തമായ വേനൽ മഴ ലഭിക്കുകയുള്ളൂ എന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ വിവിധ ജില്ലകളിൽ വേനൽമഴ തകർക്കുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെല്ലാം കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 23ന് എല്ലാ ജില്ലകളിലും അലർട്ടുണ്ട്. 24 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് മഴ മുന്നറിയിപ്പ്.
ശക്തമായ മഴ ഇനിയെന്ന്?
ഇത്തരത്തിൽ ഇടയ്ക്കിടെ നേരിയ മഴ ലഭിക്കുമെങ്കിലും ശക്തമായ മഴയ്ക്കായി ഇനിയും കാത്തിരിക്കണം. വരുംദിവസങ്ങളിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ചൂടിന് അൽപം കുറവുണ്ടാകും. എതിർ ചുഴലിയുടെ ശക്തി കുറഞ്ഞാൽ മാത്രമേ എല്ലാ ജില്ലകളിലും ശക്തമായ വേനൽ മഴ ലഭിക്കുകയുള്ളൂ എന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ട അതിമർദ്ദ മേഖലയാണ് കേരളത്തിൽ കടുത്ത ചൂടിന് കാരണമായത്. ഇവ കേരളത്തിൽ രൂപപ്പെടാനിരുന്ന വേനൽ മഴയുടെ മേഘങ്ങളെ അകറ്റി നിർത്തുകയായിരുന്നു. ഇതോടെ താപനില ഉയർന്നു. പലപ്പോഴും രാത്രിയിലെ താപനിലയിലും സാധാരണയേക്കാൾ വർദ്ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി അസ്വസ്ഥകരമായ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്.
അതേസമയം, ഏപ്രിൽ 28ന് ശേഷം കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും. മെയ് ആദ്യ ആഴ്ച മഴ ലഭിക്കും, രണ്ടാം വാരം മുതൽ ശക്തമായ വ്യാപക മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ALSO READ: 12 ജില്ലകളിൽ കൊടുംചൂട്, തണുപ്പിക്കാൻ മഴ പിന്നാലെയുണ്ട്
താപനില ഉയരുന്നു
സംസ്ഥാനത്ത് താപനില അപകടകരമാംവിധം ഉയരുകയാണ്. ഏപ്രിൽ 24 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം ജില്ലയിൽ 38 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും.
അൾട്രാവയലറ്റ് സൂചിക
അൾട്രാവയലറ്റ് സൂചിക പ്രകാരം, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, ഇടുക്കി – മൂന്നാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. യുവി സൂചിക എട്ടായതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമായതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, കൊല്ലം – കൊട്ടാരക്കര, കോട്ടയം – ചങ്ങനാശ്ശേരി, എറണാകുളം – കളമശ്ശേരി, തൃശൂർ – ഒല്ലൂർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി, കോഴിക്കോട് – ബേപ്പൂർ എന്നീ സ്റ്റേഷനുകളിൽ യെല്ലോ അലർട്ടാണ്.