Kerala Weather Update July 25: വെയിൽ കണ്ട് സന്തോഷിക്കേണ്ട, ഇന്ന് മഴയുണ്ട്; രണ്ടിടത്ത് യെല്ലോ അലർട്ട്
Kerala Weather Update July 25: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ജില്ലകളിൽ പൊതുവിൽ പകൽ വെയിൽ ആയിരിക്കുമെങ്കിലും മഴയുണ്ടാകില്ല എന്ന് കരുതേണ്ട, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ടിടത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാന നീരീക്ഷണ വകുപ്പ് (IMD). കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ പൊതുവിൽ പകൽ വെയിൽ ആയിരിക്കുമെങ്കിലും മഴയുണ്ടാകില്ല എന്ന് കരുതേണ്ട, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Also Read: കേരളത്തിന്റെ ‘ചുങ്കപ്പാത’! NH66: കാസർകോട് മുതൽ തിരുവനന്തപുരം വരെ 13 ടോൾ ബൂത്ത്, പിരിക്കാൻ ക്യാമറ
വരുംദിവസങ്ങളിലും സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ (ജൂലൈ 26) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും തിങ്കളാഴ്ച (27/07/2026) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ചൊവ്വാഴ്ച (28/07/2026) പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് (ജൂലൈ 25) മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ,
വടക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്, അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
കൂടാതെ ഇന്ന്, ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, പശ്ചിമ ബംഗാൾ തീരം, വടക്കൻ ഒഡീഷ തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് IMD മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയായിരിക്കും ഉണ്ടാകുക. മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല, ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, തുറസായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary
The IMD has issued a yellow alert for Kannur and Kasaragod districts in Kerala today. Isolated heavy rain is expected in these districts. Isolated rain is expected in other districts. There is a possibility of moderate rain and strong winds with a speed of up to 40 kmph in isolated places in Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode and Kannur districts.