ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
Kerala HC Permits Couple to Hand Over Baby with Skeletal Dysplasia to CWC: ഗർഭസ്ഥ ശിശുവിന് ജീവന് ഭീഷണിയില്ലാത്ത തരത്തിലുള്ള സ്കെലിറ്റൽ ഡിസ്പ്ലാസിയയാണ് ഉള്ളതെന്ന്, ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തേണ്ട ആവശ്യമില്ലെന്നും, ജനിച്ച ശേഷം കുഞ്ഞിനെ വളർത്താൻ ദമ്പതികൾക്ക് താല്പര്യമില്ലെങ്കിൽ അവർക്ക് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാവുന്നതാണെന്നും ബോർഡ് കോടതിയെ അറിയിച്ചു
കൊച്ചി: അസ്ഥികളുടെയും കാർട്ടിലേജുകളുടെയും വളർച്ചയെ ബാധിക്കുന്ന ‘സ്കെലിറ്റൽ ഡിസ്പ്ലാസിയ’ എന്ന അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞിനെ ജനിച്ചയുടൻ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ദമ്പതികൾക്ക് അനുമതി നൽകി കേരള ഹൈക്കോടതി. 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ദമ്പതികൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഗർഭസ്ഥ ശിശുവിന് ജീവന് ഭീഷണിയില്ലാത്ത തരത്തിലുള്ള സ്കെലിറ്റൽ ഡിസ്പ്ലാസിയയാണ് ഉള്ളതെന്ന്, ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തേണ്ട ആവശ്യമില്ലെന്നും, ജനിച്ച ശേഷം കുഞ്ഞിനെ വളർത്താൻ ദമ്പതികൾക്ക് താല്പര്യമില്ലെങ്കിൽ അവർക്ക് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാവുന്നതാണെന്നും ബോർഡ് കോടതിയെ അറിയിച്ചു. കൃത്യമായ ജനിതക പരിശോധനകൾ ഇല്ലാതെ കുഞ്ഞിൻ്റെ ബുദ്ധിപരമോ ശാരീരികമോ ആയ വളർച്ച സംബന്ധിച്ച് ഈ ഘട്ടത്തിൽ കൃത്യമായി പ്രവചിക്കാനാകില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.
കുഞ്ഞിനെ വളർത്താൻ ദമ്പതികൾ ആഗ്രഹിക്കുന്നില്ല എന്നതിനാൽ ഗർഭച്ഛിദ്രം എന്ന മാർഗം സ്വീകരിക്കേണ്ടതില്ല എന്ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ നിരീക്ഷിച്ചു. മെഡിക്കൽ ബോർഡിൻ്റെ നിർദേശം ദമ്പതികളും അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഗർഭം അലസിപ്പിക്കുക എന്ന ആദ്യത്തെ ആവശ്യത്തിൽ നിന്ന് പിന്മാറി, ജനിച്ചയുടൻ കുഞ്ഞിനെ സി.ഡബ്ല്യു.സിക്ക് കൈമാറാൻ അനുവദിക്കണമെന്ന പുതിയ ആവശ്യം ദമ്പതികൾ കോടതിക്ക് മുന്നിൽ വെച്ചത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
എന്താണ് സ്കെലിറ്റൽ ഡിസ്പ്ലാസിയ?
അസ്ഥികളുടെയും കാർട്ടിലേജുകളുടെയും രൂപീകരണത്തെയും വളർച്ചയെയും ബാധിക്കുന്ന നാനൂറ് മുതൽ എഴുന്നൂറ്റിയമ്പതോളം വരുന്ന അപൂർവ ജനിതക രോഗങ്ങളുടെ ഒരു കൂട്ടമാണ് സ്കെലിറ്റൽ ഡിസ്പ്ലാസിയ എന്ന് മെഡിക്കൽ ജേണലുകൾ വ്യക്തമാക്കുന്നു. കൈകാലുകൾക്ക് നീളം കുറയുകയും നെറ്റിത്തടം വീർക്കുകയും ചെയ്യുന്ന ‘അക്കോൺഡ്രോപ്ലാസിയ’ എല്ലുകൾ പെട്ടെന്ന് പൊടിയുന്ന അവസ്ഥ എന്നിവ ഇതിൻ്റെ ഭാഗമാണ്. ശൈശവാവസ്ഥയിലോ കൗമാരത്തിലോ മാത്രം തിരിച്ചറിയാൻ കഴിയുന്ന ചെറിയ ലക്ഷണങ്ങൾ മുതൽ ജനിക്കുന്നതിന് മുൻപോ ജനിച്ചയുടനെയോ കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥകൾ വരെ ഈ രോഗത്തിൽ ഉണ്ടാകാം. ചില ഗുരുതരമായ സാഹചര്യങ്ങളിൽ ശ്വാസകോശത്തിൻ്റെ വളർച്ചയെ തന്നെ ഈ രോഗം ബാധിക്കാറുണ്ട്. എന്നാൽ ഈ കേസിൽ കുഞ്ഞിന് ജീവന് ഭീഷണിയില്ലാത്ത തരത്തിലുള്ള ഡിസ്പ്ലാസിയ ആണെന്നാണ് കണ്ടെത്തൽ.
English Summary
The Kerala High Court permitted a couple to surrender their newborn, diagnosed with skeletal dysplasia, to the Child Welfare Committee since medical experts advised against terminating the 33-week pregnancy.