Kerala Weather Update: കലിതുള്ളി കാലവർഷം, കനത്ത മഴ 9 ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7 മണിക്കുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ 7 മണിക്കുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
ഓഗസ്റ്റ് 5: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 6: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
യെല്ലോ അലർട്ട്
ഓഗസ്റ്റ് 5: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം
ഓഗസ്റ്റ് 6: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 7: എല്ലാ ജില്ലകളിലും
ഓഗസ്റ്റ് 8: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ALSO READ: മഴക്കെടുതി: 25 മരണം, കൂടുതലും കോട്ടയത്ത്, 52 വീടുകൾ പൂർണമായി തകർന്നു; സർക്കാർ കണക്ക് പുറത്തുവിട്ടു
ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്
പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാലവർഷക്കാറ്റ് കേരളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. ഇതിന്റെ ഫലമായി വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും. വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഈ മഴ രണ്ട് ദിവസം തുടരാനാണ് സാധ്യത. തുടർന്ന് ചുഴലിക്കാറ്റ് ചെന്നൈ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മഴ ശക്തമാകാൻ കാരണമെന്ത്?
തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലുള്ള മറ്റൊരു ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായതെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 6 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സോമാലിയ – ഒമാൻ തീരങ്ങൾ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
English Summary:
The southwest monsoon has intensified across Kerala, bringing heavy rainfall to several parts of the state. IMD Issues Orange Alert for 9 Districts Amid Heavy Monsoon Rains.