Kerala Rain Alert: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Alert Today: അടുത്ത ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം ഇന്ന് ഏത് ജില്ലകളിലും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് പുലർച്ചെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിച്ചിരുന്നു.
ശക്തമായ മഴയ്ക്ക് പുറമെ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:കനത്ത മഴ; വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
ഇന്നും നാളെയും തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ , അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 50 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയോ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്താൻ പാടില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.