Kerala Welfare Pension: ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചു
Kerala July Month Welfare Pension Distribution: പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അർഹരായ 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ സ്വീകരിക്കുന്നവർക്ക് തുക അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ബാങ്ക് അക്കൗണ്ട് നൽകാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ട് എത്തിച്ചു നൽകും. വരും ദിവസങ്ങളിൽ വിതരണം പൂർത്തിയാക്കാൻ സർക്കാരിന്റെ നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ഈ (ജൂലൈ) മാസത്തെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അർഹരായ 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ സ്വീകരിക്കുന്നവർക്ക് തുക അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ബാങ്ക് അക്കൗണ്ട് നൽകാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ട് എത്തിച്ചു നൽകും.
വരും ദിവസങ്ങളിൽ വിതരണം പൂർത്തിയാക്കാൻ സർക്കാരിന്റെ നിർദ്ദേശമുണ്ട്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേർക്കും സംസ്ഥാനത്ത് പെൻഷൻ നൽകിവരുന്നുണ്ട്. അടുത്ത മാസം മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ALSO READ: വീട്ടിലൊരു കോഴിഫാം തുടങ്ങിയാലോ? കുഞ്ഞുങ്ങളെയും തീറ്റയും കുടുംബശ്രീ തരും
അതേസമയം പെൻഷൻ കമ്പനിക്ക് വായ്പയ്ക്കായി മുൻ സർക്കാർ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പെൻഷൻ മുടങ്ങാതിരിക്കാൻ ഒമ്പത് ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. ഇത്തരത്തിൽ ആകെ 1325 കോടിയാണ് സമാഹരിച്ചത്. സർക്കാരിൽ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന സംഘങ്ങളുടെ പരാതിപ്പെടുകയും പുതിയ കൺസോർഷ്യത്തിനുള്ള സാധ്യത യുഡിഎഫ് സർക്കാർ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പിൻ്റെ നടപടി.
കേരള ക്ഷേമപെൻഷൻ മസ്റ്ററിങ് 2026
സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം വരും വർഷങ്ങളിൽ കുറയും. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. നിലവിൽ 66.22 ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്ന 51.87 ലക്ഷം പേരും ക്ഷേമനിധി ബോർഡുകളിൽനിന്ന് പെൻഷൻ ലഭിക്കുന്ന 14.35 ലക്ഷം പേരുമുൾപ്പെടെയാണിത്. ഇത്രയധികം പേർക്ക് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 3,000 രൂപവീതം പെൻഷൻ നൽകണമെങ്കിൽ മാസംതോറും 1,986 കോടി രൂപ വകയിരുത്തണം. നിലവിൽ 2,000 രൂപയാണ് പെൻഷനായി നൽകിവരുന്നത്.
അതിനാൽ സംസ്ഥാനത്തെ അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്. പ്രാദേശിക നേതാക്കളുടെ ഇടപെടലുകളടക്കം ഇതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ അനർഹമായി കടന്നുകൂടിയവരെ പൂർണമായി ഒഴിവാക്കും. പുതിയ അപേക്ഷകൾക്ക് അംഗീകാരം നൽകുന്നതിനുമുൻപും പരിശോധന കർശനമാക്കാനാണ് സർക്കാർ നീങ്ങുന്നത്.
കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. എന്നാൽ, വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. അർഹരായവർ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായി മാനദണ്ഡങ്ങളിലും പരിഷ്കരണമുണ്ടാകും.
English Summary:
Kerala Welfare Pension July Month Distribution Starts Tomorrow On Friday. Over 1,095 crore sanctioned for beneficiaries Says Kerala CM. Check distribution dates, complete details here.