Kerala Welfare Pension: പെൻഷൻ മുടങ്ങരുത്, സെപ്റ്റംബർ വരെ സമയമുണ്ട്! മസ്റ്ററിങ് ചെയ്യേണ്ടത് ഇങ്ങനെ
Kerala Welfare Pension Mustering Date Extended: നിലവിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മസ്റ്ററിങ് പൂർത്തിയാക്കിക്കഴിഞ്ഞു. മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ വരെ ദീർഘിപ്പിച്ചു. അക്ഷയ കേന്ദ്രങ്ങളിലെ അമിത തിരക്കും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പേർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടി നൽകാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചത്.
നിലവിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മസ്റ്ററിങ് പൂർത്തിയാക്കിക്കഴിഞ്ഞു. മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്.
മസ്റ്ററിങ് ചെയ്യേണ്ടത് ആരെല്ലാം?
2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. 026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് ആരംഭിച്ചത്. സെപ്റ്റംബർ 30 വരെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മസ്റ്ററിങ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.
മസ്റ്ററിങ് ചെയ്യേണ്ടത് എങ്ങനെ?
മസ്റ്ററിങ് പ്രക്രിയ സുതാര്യവും തടസ്സരഹിതവുമാക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി വൻ ക്രമീകരണങ്ങളാണ് സർക്കാർ ക്രമീകരിച്ചിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഐറിസ്) സംവിധാനം വഴി മസ്റ്ററിങ് പൂർത്തിയാക്കുന്നവർ 30 രൂപ സർവീസ് ചാർജായി നൽകേണ്ടതാണ്.
ALSO READ: എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ
കിടപ്പുരോഗികൾ, വയോധികർ, തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കായി അക്ഷയ പ്രതിനിധികൾ നേരിട്ട് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്. ഇത്തരം സേവനങ്ങൾക്ക് 50 രൂപ ആണ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകേണ്ട സർവീസ് ചാർജ്ജ്. അക്ഷയ കേന്ദ്രങ്ങളിൽ വിരലടയാളം പതിയാത്തവർക്ക് ഐറിസ് സ്കാനറുകൾ ഉപയോഗിച്ചും മസ്റ്ററിങ് പൂർത്തിയാക്കാം.
ക്ഷേമപെൻഷൻ മസ്റ്ററിങ് 2026
സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.
വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.
ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ
ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപയാണ് അനുവദിച്ചത്.
പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
English Summary:
Kerala government has extended the deadline for the annual mustering (life certificate verification) of Social Security and Welfare Pension beneficiaries until September, giving pensioners additional time to complete the mandatory verification process.