8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ
8th Pay Commission Update: പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് നിലവിൽ വന്നത്. 10 വർഷം തികയുന്നതോടെ അടുത്തത് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്.
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് പാർലമെന്റിൽ വ്യക്തത വരുത്തി ധനകാര്യ മന്ത്രാലയം. കമ്മീഷന്റെ പ്രവർത്തനങ്ങൾ നിർദ്ദിഷ്ട സമയക്രമത്തിഷ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) 2016 ജനുവരി 1-നാണ് നിലവിൽ വന്നത്. തുടർന്ന് 10 വർഷം തികയുന്നതോടെ അടുത്തത് എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, ഓഗസ്റ്റ് എത്താറായിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല.
എട്ടാം ശമ്പള പരിഷ്കരണം എവിടെ?
എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് മറുപടി നൽകവെ, കമ്മീഷന്റെ പ്രവർത്തന രീതികളും റിപ്പോർട്ട് സമർപ്പണവും സംബന്ധിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തത വരുത്തി. കമ്മീഷൻ സ്വന്തം പ്രവർത്തന രീതി സ്വയം തീരുമാനിക്കുമെന്നും, ചർച്ചകളുടെ പുരോഗതി സർക്കാരിനെ കൃത്യസമയത്ത് അറിയിക്കണമെന്ന് വ്യവസ്ഥയില്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. കമ്മീഷന് സ്വന്തമായ പ്രവർത്തന രീതിയും ചർച്ചാ നടപടികളും രൂപീകരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. കമ്മീഷൻ നടത്തുന്ന ചർച്ചകൾ, പരിഗണിക്കുന്ന ശുപാർശകൾ, പ്രവർത്തന പുരോഗതി എന്നിവയെക്കുറിച്ച് സർക്കാരിനെ ഇടയ്ക്കിടെ വിവരങ്ങൾ അറിയിക്കണമെന്ന് ‘ടേംസ് ഓഫ് റെഫറൻസിൽ’ നിർദ്ദേശിച്ചിട്ടില്ല.
ALSO READ: 8-ാം ശമ്പള കമ്മീഷൻ: ഇൻക്രിമെന്റ് 5 ശതമാനമായാൽ അടിസ്ഥാന ശമ്പളം എത്രയാകും?
അന്തിമ റിപ്പോർട്ട് എന്ന്?
2025 നവംബർ 3-നാണ് കമ്മീഷൻ ഔദ്യോഗികമായി നിലവിൽ വന്നത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി 2027 മെയ് 03 ആണ്. എന്നാൽ അതിനുമുമ്പ് തന്നെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.
റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അത് വിശദമായി പരിശോധിച്ച് ഭേദഗതികളോടെയോ അല്ലാതെയോ അംഗീകരിക്കും. ഇതിനായി കൃത്യമായ സമയപരിധിയില്ല. ഏഴാം ശമ്പള കമ്മീഷൻ 2015 നവംബറിൽ റിപ്പോർട്ട് നൽകിയെങ്കിലും, 2016 ജൂണിലാണ് കേന്ദ്ര സർക്കാർ അതിന് അംഗീകാരം നൽകിയത്. 2027 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച് ഉത്തരവിറങ്ങാൻ 2027 അവസാനത്തോടെ സമയമെടുത്തേക്കും. അതേസമയം, ഉത്തരവിറങ്ങാൻ വൈകിയാലും, പുതിയ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക. കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കുന്നതാണ്.
കമ്മീഷന്റെ നിലവിലെ പ്രവർത്തനം
നിലവിൽ കമ്മീഷൻ ജീവനക്കാരുടെയും സംഘടനകളുടെയും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിക്കുന്ന ഘട്ടത്തിലാണ്. ഡൽഹി, ലഖ്‌നൗ, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ചർച്ചകൾക്ക് ശേഷം സെപ്റ്റംബർ 7, 8 തീയതികളിൽ ചെന്നൈയിലും, സെപ്റ്റംബർ 9-ന് പുതുച്ചേരിയിലും കമ്മീഷൻ പ്രതിനിധികൾ കൂടിക്കാഴ്ചകൾ നടത്തും.
വൻ ശമ്പള വർദ്ധനവോ?
എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശമ്പള വർദ്ധനവിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നു. അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്. 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. കമ്മീഷനുമായി നടത്തിയ ചർച്ചയിൽ നാഷണൽ കൗൺസിൽ 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവുണ്ടാകും.
English Summary:
Central Government has informed Parliament that the 8th Central Pay Commission is actively carrying out its work, but no fixed timeline has been set for submitting its final report. In a reply in Parliament, the government stated that the Commission is holding consultations with central government employees, pensioners, ministries, departments, and other stakeholders.