Kerala Welfare Pension: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, അനുവദിച്ചത് 831 കോടി രൂപ
Kerala Welfare Pension: 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് നൽകുന്നത്. ഇതിനായി 831 കോടി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുന്നതാണ്. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും കേരളം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുത്തിരുന്നു.
മഴ; രണ്ട് ജില്ലകളിലും 3 താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ തുടർന്ന് ഇന്ന് രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.