Vande Bharat Sleeper: രണ്ടല്ല, കേരളത്തിന് നൽകുക മൂന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കുറഞ്ഞ നിരക്ക് 400 കിലോമീറ്റർ
3 Vande Bharat Sleeper For Kerala: കേരളത്തിന് പരിഗണനയിലുള്ളത് മൂന്ന് വന്ദേഭാരത് സ്ലീപ്പറുകൾ. മംഗളൂരുവിനെ കൂടി പരിഗണിക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

വന്ദേഭാരത്
കേരളത്തിന് മൂന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകൾക്കാണ് മുൻഗണന. എന്നാൽ, നിലവിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം പരിഗണിച്ച് മംഗളൂരുവിലേക്കുള്ള റൂട്ടും പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വന്ദേഭാരത് സ്ലീപ്പറിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രമേ ലഭിക്കൂ. വെയിറ്റിങ് ലിസ്റ്റുകളും ആർസി ടിക്കറ്റുകളും ലഭിക്കില്ല. 400 കിലോമീറ്ററാണ് കുറഞ്ഞ നിരക്കിനുള്ള ദൂരം. 16 കോച്ചുകളുള്ള ട്രെയിനിൽ 823 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും. ത്രീ ടയർ എസി കോച്ചുകൾ 11 എണ്ണമുണ്ടാവും. ടു ടയർ എസി നാലെണ്ണവും ഫസ്റ്റ് ക്ലാസ് എസി ഒരു കോച്ചും ഉണ്ടാവും.
കോട്ടയം വഴി തിരുവനന്തപുരത്ത് നിന്ന് മംഗളൂരു വരെയുള്ള യാത്രയുടെ ദൂരം 631 കിലോമീറ്ററാണ്. ഇപ്പോൾ സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ 14 മണിക്കൂർ നീണ്ട യാത്ര. വന്ദേഭാരത് സ്ലീപ്പറിൽ മൂന്നര മണിക്കൂറോളമാണ് സമയലാഭം. എക്സ്പ്രസ് ത്രീ ടയർ, ടു ടയർ എസി നിരക്കിനെക്കാൾ 500 രൂപ അധികം നൽകണം. സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ 1800 രൂപ വരെയുള്ള നിരക്ക് വന്ദേഭാരത് സ്ലീപ്പർ 2300 രൂപ വരെയാണ്. പാലക്കാട് വഴി തിരുവനന്തപുരത്തുനിന്ന് ചെന്നൈ വരെ 922 കിലോമീറ്റർ ദൂരം, 16.30 മണിക്കൂർ യാത്ര. വന്ദേഭാരത് സ്ലീപ്പറിൽ മൂന്ന് മണിക്കൂർ സമയലാഭവും 1000 രൂപ വർധനയും. 844 കിലോമീറ്റർ നീണ്ട തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 800 രൂപ അധികം നൽകണം.