Kochi Metro: മെട്രോ ഇനി അങ്കമാലിയിലേക്ക്; വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നു
Aluva-Angamaly Metro Extension : കൊച്ചി വിമാനത്താവളം, അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, നിർദിഷ്ട നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് മെട്രോയെ ഒരു സമ്പൂർണ്ണ ശൃംഖലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

Kochi Metro
അങ്കമാലി: കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള നടപടികൾ സജീവമാകുന്നു. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കുന്നതിന്റെ ഭാഗമായി ആലുവ മുതൽ അങ്കമാലി കരയാംപറമ്പ് വരെ വിവിധയിടങ്ങളിൽ സർവേ നടപടികൾ ആരംഭിച്ചു. ജനവാസ മേഖലകളെയും സ്ഥാപനങ്ങളെയും കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്ന അനുയോജ്യമായ അലൈൻമെന്റ് കണ്ടെത്താനാണ് അധികൃതരുടെ ശ്രമം.
റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ മെട്രോ അധികൃതർ അങ്കമാലിയിൽ പൊതുജനങ്ങളുമായി സംവദിച്ചു. പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. ആലുവയിൽ നിന്ന് വിമാനത്താവളം വഴി അങ്കമാലിയിലെത്തി കോതകുളങ്ങരയിൽ അവസാനിക്കുന്ന രീതിയിലാണ് നിലവിലെ പ്രാഥമിക അലൈൻമെന്റ്. ഈ പാതയിൽ നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട്, നായത്തോട്, അങ്കമാലി ടൗൺ ഉൾപ്പെടെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ALSO READ: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിന് ജാമ്യം
കൊച്ചി വിമാനത്താവളം, അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, നിർദിഷ്ട നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് മെട്രോയെ ഒരു സമ്പൂർണ്ണ ശൃംഖലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വിമാനത്താവളത്തിന് സമീപം സുരക്ഷാ മാനദണ്ഡങ്ങളും ഉയരപരിധിയും കണക്കിലെടുത്ത് ഭൂഗർഭ പാത (Underground Metro) നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഇത് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
മെട്രോ വിമാനത്താവളത്തിൽ പോയി തിരികെ ദേശീയപാത വഴി അങ്കമാലിയിലേക്ക് വരണമെന്ന അഭിപ്രായം ശക്തമാണ്. ഇത് ടെൽക്, ഇൻകെൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും റെയിൽവേ യാത്രക്കാർക്കും കൂടുതൽ ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നായത്തോട് വഴിയുള്ള വികസനവും സജീവ പരിഗണനയിലുണ്ട്.
പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം അന്തിമമായ ഡിപിആർ സർക്കാരിന് സമർപ്പിക്കും. അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. നഗരസഭാധ്യക്ഷ റീത്ത പോൾ, കെഎംആർഎൽ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.