Kollam Fire Accident: കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിത്തം, നിരവധി ബോട്ടുകള്‍ കത്തിനശിച്ചു
Kollam Kureepuzha Fire Accident: കുരീപ്പുഴയില്‍ അഷ്ടമുടിക്കായലില്‍ കെട്ടിയിട്ടിരുന്ന പതിനഞ്ചോളം ബോട്ടുകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം. ചീന വലകളും കത്തിനശിച്ചു
കൊല്ലം: കുരീപ്പുഴയില്‍ അഷ്ടമുടിക്കായലില്‍ കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ കത്തിനശിച്ചു. പതിനഞ്ചോളം ബോട്ടുകളാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കുരീപ്പുഴ അയ്യന്‍കോവില്‍ ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം. തീപിടിത്തത്തില്‍ ചീന വലകളും കത്തിനശിച്ചു. കത്തിനശിച്ചവയില്‍ ഒമ്പത് ചെറിയ ബോട്ടുകള്‍, ഒരു ഫൈബര്‍ വള്ളം എന്നിവയും ഉള്‍പ്പെടുന്നു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
നാശനഷ്ടം സംഭവിക്കുന്നതിനു മുമ്പ് മറ്റ് ബോട്ടുകള്‍ ഇവിടെ നിന്നു മാറ്റി. നിരവധി അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. അഗ്നിബാധയ്ക്ക് പിന്നാലെ ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. പൂവാര്‍, കുളച്ചല്‍ സ്വദേശികളുടെയും, തമിഴ്‌നാട് സ്വദേശികളുടെയും ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് വിവരം.
Also Read: Goa Night Club Fire: ഗോവയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം; 23 പേര്‍ കൊല്ലപ്പെട്ടു
ഗ്യാസ്‌കുറ്റികള്‍ പൊട്ടിത്തെറിച്ചത് തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ദുഷ്‌കരമാക്കി. മൂന്നേ മുക്കാലോടെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഗ്യാസ്‌കുറ്റികള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ നാട്ടുകാര്‍ക്കും അഗ്നിശമന സേനയ്ക്കും ആദ്യം തീപിടിച്ച ബോട്ടുകള്‍ക്ക് അടുത്ത് എത്താനായില്ല.
നവംബറിലും അപകടം
നവംബറിലും അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് തീ പിടിച്ചിരുന്നു. നവംബര്‍ 22നായിരുന്നു സംഭവം. അന്ന് രണ്ട് ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് പരിക്കേറ്റിരുന്നു. കുരീപ്പുഴ പാലത്തിന് സമീപത്തായിരുന്നു അന്ന് അപകടമുണ്ടായത്. ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ പടര്‍ന്നതാണ് അന്ന് അഗ്നിബാധയ്ക്ക് കാരണം