13 വയസുകാരിയുടെ വ്യാജ പീഡന പരാതി: യുവാവിനെ മർദിച്ച എസ്ഐക്ക് സ്ഥലംമാറ്റം; സിഐക്ക് എതിരേയും നടപടി വരും
Koodal Custodial Torture: വിവാദ സംഭവം നടക്കുമ്പോൾ കൂടൽ പോലീസ് സ്‌റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സിഐക്ക് എതിരേ വകുപ്പുതല നടപടിയുണ്ടാകും, ഇത് ഡി.ഐ.ജി. തലത്തിലാണ് സ്വീകരിക്കേണ്ടത്. പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെജി അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക.

Koodal Custodial Torture
പത്തനംതിട്ട: 13 വയസുകാരിയുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കൂടൽ പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് എതിരേ നടപടി. കൂടൽ പോലീസിന് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടൽ എസ്ഐ ജയ്‌മോനെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഇദ്ദേഹത്തെ സ്റ്റേഷനിൽ നിന്ന് ജില്ലാ ആസ്ഥാനത്തെ എആർ ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. വിവാദ സംഭവം നടക്കുമ്പോൾ കൂടൽ പോലീസ് സ്‌റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സിഐക്ക് എതിരേ വകുപ്പുതല നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. പീഡന പരാതിയിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത ഹൃദ്രോഗിയായ 20 വയസുകാരനാണ് ക്രൂരമായ പോലീസ് മർദനമേറ്റത്.
സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതിയാണ് വിവാദങ്ങളുടെ തുടക്കം കുറിച്ചത്. പത്തുപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു കുട്ടിയുടെ മൊഴി. ഇതേത്തുടർന്ന് പോലീസ് പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെ കേസ് മൊത്തത്തിൽ മാറിമറിയുകയായിരുന്നു.
Also Read: കോഴിക്കോട് ക്ലോക്ക് ടവർ അപകടം, അവശിഷ്ടങ്ങൾ മാറ്റുന്നത് പുരോഗമിക്കുന്നു, ട്രെയ്‌നുകൾ വൈകിയേക്കാം
പോലീസ് കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണ് എന്ന് വ്യക്തമായതിന് പിന്നാലെയാണ് ഹൃദ്രോഗിയാണ് എന്ന് പറഞ്ഞിട്ടും പോലീസ് തന്നെ ക്രൂരമായി മർദിച്ചു എന്ന് ആരോപിച്ച് 20 വയസുകാരൻ രംഗത്തെത്തിയത്. സ്‌റ്റേഷന് സമീപത്തുള്ള ക്വാർട്ടേഴ്‌സിൽ എത്തിച്ചാണ് മർദിച്ചതെന്ന് യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്നു പറഞ്ഞിട്ടും കേട്ടില്ല, എസ്‌ഐയും സംഘവും തന്നെ ക്രൂരമായി മര്‍ദിച്ചു. ലാത്തി ഉപയോഗിച്ച് കാല്‍വെള്ളയില്‍ ക്രൂരമായി അടിച്ചു. ബൂട്ടിട്ട് കാല്‍ ചവിട്ടി ചതച്ചു. ചെവിയില്‍ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റു- എന്നിങ്ങനെ ഗുരുതരമായ കസ്റ്റഡി മർദ്ദന ആരോപണങ്ങളാണ് പോലീസിന് എതിരേ യുവാവ് ഉയർത്തിയത്.
കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് യുവാവ് പരാതി നൽകി. തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെജി അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി. സ്‌റ്റേഷനിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും കസ്റ്റഡി മർദനം നടന്നുവെന്ന കണ്ടെത്തലിലേക്ക് അന്വേഷണ സംഘമെത്തി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് എസ്ഐക്ക് എതിരേ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കോന്നി സിഐക്ക് എതിരേയും നടപടി വരും. ഇത് ഡി.ഐ.ജി. തലത്തിലാണ് സ്വീകരിക്കേണ്ടത് എന്നതിനാലാണ് വൈകുന്നത് എന്നാണ് റിപ്പോർട്ട്.
സഹപാഠികൾ പീഡിപ്പിച്ചതായി ചൈൽഡ്‌ലൈൻ പ്രവർത്തകരോടാണ് പതിമൂന്നുകാരി ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ പീഡനം നടന്നിട്ടില്ലെന്ന നിലയ്ക്കുള്ള വൈദ്യ പരിശോധനാ ഫലം ലഭിച്ചശേഷം പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. പ്രണയ നൈരാശ്യത്തെത്തുടർന്ന് കളവ് പറഞ്ഞതാണ് എന്ന് കുട്ടി മൊഴിമാറ്റിയെന്നാണ് ഇതേപ്പറ്റി പോലീസ് പിന്നീട് വിശദീകരിച്ചത്.
English Summary
Action has been taken against the SI of Koodal police station for beating up a youth who was taken into custody on a false complaint of molestation by a 13-year-old girl. SI Jaymon has been transferred to the AR camp at the district headquarters. Departmental action will also be taken against CI Konni, who was in charge of Koodal police station at the time of the incident.