Uzbekistan Student Murder : ദേഹമാസകലം മര്‍ദ്ദനത്തിൻ്റെ പാടുകള്‍, മതം മാറ്റാന്‍ ശ്രമം; ഗുരുതര ആരോപണവുമായി ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സാവരിയയുടെ കുടുംബം
Uzbekistan Student Savariya's Murder : ഉസ്ബക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുമായ സദറുള്‍ അനം ലാപ്‌ടോപ്പ് ഉപയോഗിച്ചു കൊലപ്പെടുത്തി എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വവിരം.
ആലപ്പുഴ : ഉസ്ബക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തമല്‍ണ്ണ സ്വദേശിയുമായ സദറുള്‍ അനം (23) ലാപ്‌ടോപ്പ് ഉപയോഗിച്ചു കൊലപ്പെടുത്തി എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വവിരം. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ ആക്രമണത്തിലല്ല സാവരിയ കൊല്ലപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം.
വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ബന്ധുക്കള്‍ കേസിലെ പ്രതിയായ സദറുളിനെതിരെ ഗുരുതര ആരോപങ്ങളാണ് ഉന്നയിച്ചത്. സാവരിയ ക്രൂരമായ പീഡനമാണ് സഹപാഠിയായ ഇയാളില്‍ നിന്ന് നേരിട്ടത്. വിദ്യാര്‍ത്ഥിനിയുടെ കാല് മുതല്‍ തല വരെ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ട്. ദേഹമാസകലം മുറിവും ചതവുമാണ്. ശരീരം മുഴവന്‍ ചതച്ച് വച്ചിരിക്കുകയാണ്, ബന്ധുക്കള്‍ പറഞ്ഞു. ഉസ്ബകിസ്ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്ചയാണ് സാവരിയക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന വിവരം ബന്ധുക്കളെ അധികൃതര്‍ അറിയിക്കുന്നത്. പിന്നാലെ മരണ വാര്‍ത്തയും എത്തി.
Also Read: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
കോളേജിലെ സ്ഥലപരിമിതി കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ഹോസ്റ്റിലാണ് കഴിഞ്ഞിരുന്നത്. പ്രതിയായ സദറുളില്‍ നിന്ന് നാളുകളായി സാവരിയ മര്‍ദ്ദനം ഏല്‍ക്കുന്നുണ്ടായിരുന്നു. പ്രതിയുടേത് പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ ആക്രമണമല്ല എന്നും ബന്ധുക്കള്‍ പറയുന്നു. സാവരിയയെ നിരന്തരമായി മതപരിവര്‍ത്തനത്തിന് സദറുല്‍ പ്രേരിപ്പിച്ചിരുന്നു എന്ന് സഹപാഠികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് പ്രതിയുടേത് എന്ന് അറിയുന്നു. തങ്ങള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കും. നിലവില്‍ അവിടെ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ ലാപ്‌ടോപ്പ് കൊണ്ട് തലയ്‌ക്കേറ്റ പരിക്കാണ് എന്നേ പറയുന്നുള്ളൂ. അതുകൊണ്ടാണ് മൃതദേഹം നാട്ടില്‍ എത്തിച്ചപ്പോള്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എംബസിയില്‍ നിന്ന് നല്ല സഹായമാണ് കിട്ടിയത് എന്നും കുടുംബം പ്രതികരിച്ചു.
സംഭവശേഷം ഉടന്‍ തന്നെ ഉസ്ബക്കിസ്ഥാന്‍ പോലീസ് പ്രതിയായ സദറുളിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. ലാപ്‌ടോപ്പ് കൊണ്ട് അടിയേറ്റ് വീണ സാവരിരയയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
English Summary
The family of Savariya, a Malayali medical student from Haripad, Alappuzha, who was killed in Uzbekistan, has come forward with serious allegations regarding the incident. Initial reports stated that she was killed by her classmate, Sadarul Anam native of Perinthalmanna, Malappuram uing a laptop. However, the family alleges that Savariya was not killed during an attack triggered by sudden provocation.