Kerala PSC: പി.എസ്.സി ക്രമക്കേടില്‍ അന്വേഷണം തുടങ്ങാന്‍ എസ്.ഐ.ടി, ആര്‍ക്കൊക്കെ പണി കിട്ടും ?
Kerala PSC Irregularities :സംസ്ഥാനത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) നടത്തിയ പരീക്ഷികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) അന്വേഷണം ആരംഭിക്കാന്‍ പോവുകയാണ്. ഇന്നലെയാണ് പി.എസ്.സി ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എസ്.ഐ.ടി രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് ഇറക്കിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) നടത്തിയ പരീക്ഷികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) അന്വേഷണം ആരംഭിക്കാന്‍ പോവുകയാണ്. ഇന്നലെയാണ് പി.എസ്.സി ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എസ്.ഐ.ടി രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് ഇറക്കിയത്. ഐ.ജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വരുന്ന സംഘത്തില്‍ എസ്.പി സക്കറിയ മാത്യു, ഡി.വൈ.എസ്.പി അജയ് നാഥ് എന്നിവരും ഉള്‍പ്പെടുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ സംസ്ഥന പോലീസ് മേധാവി അന്വേഷണ പുരോഗതി വിലയിരുത്തും.
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് പി.എസ്.സി ക്രമക്കേടുകള്‍ പുറത്ത് വരുന്നത്. ഇടത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കായി പരീക്ഷ അട്ടിമറിച്ചെന്നാണ് അരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്ത് വന്നു. ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ബോധപൂര്‍വ്വം മൂല്യനിര്‍ണയം നടത്താതെ ഇഷ്ടക്കാരന് വേണ്ടി സഹായം ചെയ്തു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. സംഭവം വിവാദമായതോടെ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. പക്ഷേ വിഷയത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ അതേ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ആള്‍ക്ക് തന്നെയാണ് മേല്‍നോട്ടം വന്നത്. ഈ നടപടിയും ഏറെ വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്നാണ് പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സിന് അന്വേഷണം വിട്ടത്.
Also Read: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
നിലവില്‍ രണ്ട് അന്വേഷണങ്ങളാണ് ഒരുമിച്ച് നടക്കുക, ആഭ്യന്തര വിജിലന്‍സിന്റെയും പോലീസിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയുടെയും. ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷയ്ക്ക് പുറമെ സമാനമായി ഒട്ടേറെ റാങ്ക് ലിസ്റ്റുകള്‍ സംബന്ധിച്ചും നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്തണ് സര്‍ക്കാര്‍ വിഷയത്തില്‍ പോലീസ് അന്വേഷണത്തിനുള്ള സാധ്യത തേടിയത്. പി.എസ്.സിക്ക് മുകളില്‍ അന്വേഷണം നടത്തുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുകയുണ്ടായി.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, സര്‍വ്വകലാശാല പി.ആര്‍.ഒ തുടങ്ങിയ തസ്തികകളിലെ നിയമന നടപടികളെ കുറിച്ചാണ് പരാതികള്‍ പ്രധാനമായും ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇനിയും പരാതികള്‍ ഉയര്‍ന്ന് വരാനുള്ള സാധ്യതയാണ് കാണുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി എന്നത് പാര്‍ട്ടി സര്‍വീസ് കമ്മീഷനായി മാറി എന്നത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ യു.ഡി.എഫിന്റെ രാഷ്ട്രീയ ആരോപണം കൂടിയായിരുന്നു. ഈ സാഹചര്യത്തില്‍ ക്രമക്കേടുകളില്‍ കര്‍ശന നടപടികള്‍ പ്രതീക്ഷിക്കാം. ഇക്കാലയളവില്‍ വളഞ്ഞ വഴിയില്‍ സര്‍വീസില്‍ എത്തിയവരുണ്ടെങ്കില്‍ ആ നിയമനങ്ങളെല്ലാം റദ്ദാക്കാനാണ് സാധ്യത.
English Summary
The police Special Investigation Team (SIT) is set to begin an investigation into allegations surrounding examinations conducted by the State Public Service Commission (PSC) Kerala. The State Police Chief issued an order yesterday constituting the SIT to probe the irregularities.