Kozhikode Measles Outbreak: തൊട്ടിൽപ്പാലത്ത് പ്രൈമറി സ്കൂൾ കുട്ടികൾക്ക് അഞ്ചാംപനി; പ്രതിരോധ നടപടികൾ ശക്തം
Kozhikode Thottilpalam Measles Outbreak: പൈക്കളങ്ങാടിയിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒരു വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം വായുവിലൂടെ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തീവ്രമാക്കി.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിൽ കുട്ടികൾക്കിടയിൽ അഞ്ചാംപനി പടരുന്നതായി ആശങ്ക. പൈക്കളങ്ങാടിയിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒരു വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗം വായുവിലൂടെ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തീവ്രമാക്കി. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുകയും സർവേ, രോഗപ്രതിരോധ ബോധവൽക്കരണം, വാർഡ് ശുചിത്വ സമിതി യോഗം എന്നിവ സംഘടിപ്പിക്കുകയും ചെയ്തതായി അധികാരികൾ വ്യക്തമാക്കി.
ALSO READ: SMA മരുന്ന് വിവാദം: പുതിയ മരുന്നിന്റെ വിശ്വാസ്യത ബോധ്യപ്പെടുത്തണമെന്ന് കെ കെ ശൈലജ
ആരോഗ്യ- വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ പി നഷ്മ, മെഡിക്കൽ ഓഫീസർ ഡോ. നീമ വേണുഗോപാൽ, എച്ച് എസ് പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ജെഎച്ച്ഐമാരായ ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു, രതുഷ, ഷിൻസ് സണ്ണി തുടങ്ങിയവരും സംബന്ധിച്ചു.
എന്താണ് അഞ്ചാംപനി?
കുട്ടികളെയും മുധിർന്നവരെയും ബാധിക്കുന്ന തികച്ചും അപകടകാരിയായ വൈറസ് രോഗങ്ങളിൽ ഒന്നാണ് അഞ്ചാംപനി. വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുന്ന ഈ രോഗം, ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യസമയത്ത് എടുക്കാത്ത കുഞ്ഞുങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. മോർബില്ലി എന്ന വൈറസ് ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് അഞ്ചാംപനി. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവത്തിലൂടെയും വായുവിലൂടെയും രോഗം മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പടരുന്നു.
പ്രധാന രോഗലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 14 ദിവസത്തിനുള്ളിൽ കടുത്ത പനി, മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന എന്നിവ കാണപ്പെടുന്നു. കണ്ണുകളിൽ ചുവപ്പുനിറം, കണ്ണിൽ നിന്ന് വെള്ളം വരിക, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ മറ്റൊരു ലക്ഷണമാണ്. ചർമ്മത്തിൽ പാടുകൾ വരുന്നതിന് തൊട്ടുമുമ്പ് വായുടെ ഉള്ളിൽ ചെറിയ വെളുത്ത കുത്തുകൾ രൂപപ്പെടാം. പനി തുടങ്ങി 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ മുഖത്തും ചെവിക്ക് പിന്നിലും തുടങ്ങി ക്രമേണ കഴുത്തിലും ശരീരത്തിലും കൈകാലുകളിലും ചുവന്ന ചെറിയ തടുപ്പുകൾ പടരുന്നു.
രോഗലക്ഷണമുള്ള കുട്ടികളെ മറ്റ് കുട്ടികളുമായി ഇടപഴകാൻ അനുവദിക്കരുത്. കുറഞ്ഞത് 4-5 ദിവസത്തേക്ക് മാറ്റി നിർത്തണം. രോഗബാധയോ ലക്ഷണങ്ങളോ ഉള്ള കുട്ടികളെ പൂർണ്ണമായും ഭേദമാകുന്നതുവരെ സ്കൂളിലോ അങ്കണവാടിയിലോ അയക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക.
English Summary:
A measles outbreak has been reported in Kavilumpara panchayat near Thottilpalam in Kozhikode. Five primary school children in Paikkalangadi tested positive for the viral infection.