Traffic Restriction: കോഴിക്കോട് ഗതാഗത നിയന്ത്രണം; എന്ന് വരെ?
Kozhikode Traffic Restrictions Details: ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം. പന്തീരങ്കാവ് ടോൾ പ്ലാസയിലടക്കം ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ദീർഘദൂര ബസുകൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് പഴയ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫറോക്ക് പുതിയപാലം മുതൽ ചെറുവണ്ണൂർ ജങ്ഷൻ വരെയുള്ള റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം. കഴിഞ്ഞ മാസം ആരംഭിച്ച നിർമാണം ക്രെയിൻ തകരാറിലായതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജോലികൾ വീണ്ടും ആരംഭിക്കുന്നത്.
നിയന്ത്രണം എന്ന് വരെ?
കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ആരംഭിച്ച നിയന്ത്രണം നവംബർ 12 അർദ്ധരാത്രി വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. പന്തീരങ്കാവ് ടോൾ പ്ലാസയിലടക്കം ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണത്തിന്റെ ഭാഗമായി കടലുണ്ടി, ചാലിയം ഭാഗങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ ഫറോക്ക് ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. നഗരത്തില്‍ നിന്ന് മലപ്പുറം ത്യശൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തൊണ്ടയാട് ദേശീയ പാത വഴിയാണ് പോകേണ്ടത്. ദീർഘദൂര ബസുകൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: രണ്ട് മാസത്തേക്ക് കറണ്ട് പോകില്ല? പ്രതിസന്ധി കൃത്രിമമോ എന്ന് അന്വേഷിക്കും
ഗതാഗത നിയന്ത്രണങ്ങൾ
- ചരക്ക് വാഹനങ്ങൾ, കണ്ടെയ്നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം – രാമനാട്ടുകര ദേശീയപാത 66 വഴി പോകണം.
- മലപ്പുറം, കൊണ്ടോട്ടി, തൃശൂർ, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
- കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജങ്ഷനിൽ എത്തി പന്തീരാങ്കാവ് – തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
- കോഴിക്കോട് നഗരത്തിൽ നിന്ന് മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തൊണ്ടയാട് ദേശീയപാത 66 വഴി യാത്ര ചെയ്യണം.
- ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാട് – ഒളവണ്ണ – പന്തീരാങ്കാവ് വഴിയും പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്ന് ഫറോക്കിലേക്ക് പോകുന്ന വാഹനങ്ങൾ മാങ്കാവ് – മാത്തറ – പന്തീരാങ്കാവ് വഴിയും സഞ്ചരിക്കണം.
ദീർഘദൂര ബസ് സർവീസുകൾക്ക്
- പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ള ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത 66 വഴി നഗരത്തിലേക്ക് കടക്കണം.
- തിരുവനന്തപുരം – എറണാകുളം – കാസർകോട് റൂട്ടിലെ കെഎസ്ആർടിസി ദീർഘദൂര ബസുകൾ ദേശീയപാത 66 വഴി സർവീസ് നടത്തണം.
- മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം എയർപോർട്ട് റോഡ് ജങ്ഷൻ – പന്തീരാങ്കാവ് – മാത്തറ – മാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
- നഗരത്തിൽ നിന്ന് തിരികെ പോകുന്ന ബസുകൾ മീഞ്ചന്ത – അരീക്കാട് – ഒളവണ്ണ – പന്തീരാങ്കാവ് – രാമനാട്ടുകര സ്റ്റാൻഡ് വഴി സഞ്ചരിക്കണം.
സിറ്റി ബസുകൾക്ക്
കടലുണ്ടി, ചാലിയം, കരുവൻതുരുത്തി, ഫറോക്ക് ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരുന്ന സിറ്റി ബസുകൾ ചെയിൻ സർവീസായി കോയാസ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയും അവിടെ നിന്ന് ആരംഭിക്കുകയും വേണം. നഗരത്തിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജങ്ഷന് സമീപം സർവീസ് അവസാനിപ്പിച്ച് ആരംഭിക്കണം. ബേപ്പൂർ – ബിസി റോഡ് ജങ്ഷൻ വഴി ഫറോക്കിലേക്ക് പോകുന്ന ബസുകൾ ചെറുവണ്ണൂർ – കൊളത്തറ റോഡിൽ സർവീസ് അവസാനിപ്പിച്ച് ആരംഭിക്കണം.
English Summary:
Traffic restrictions have been imposed on the old National Highway in Kozhikode. The restrictions apply to the stretch of road from the new Feroke bridge to the Cheruvannur junction.