Ethanol Fuel: പെട്രോളിൽ അളവിൽ കൂടുതൽ എഥനോളുണ്ടോ? കേരളത്തിൽ പരിശോധന തുടങ്ങി
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തകാര്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങി. പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ അധികൃതർ ശേഖരിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തകാര്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങി. പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ അധികൃതർ ശേഖരിക്കുന്നത്. തിരുവനന്തപുരം വഴയില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പ്, കവടിയാർ ഭാരത് പെട്രോളിയം കോർപ്പറേഷൻ പമ്പ് എന്നിവിടങ്ങളിൽ നിന്നാണ് ശേഖരിച്ചത്.
കണ്ണൂർ കോർപ്പറേഷൻ പരിസരത്തെ കണ്ണോത്തും ചാൽ എന്ന സ്ഥലത്തെ പമ്പിൽ നിന്നും കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നുമാണ് സാമ്പിളുകൾ എടുത്തത്. കോഴിക്കോട് എൻജിഒ കോട്ടേഴ്സിന് സമീപത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ നിന്നും സാമ്പിൾ ശേഖരിക്കുകയുണ്ടായി. വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കി 10 ദിവസത്തിനകം ഫലം അറിയാൻ കഴിയുമെന്നും തുടർ പരിശോധനകൾ ഉണ്ടാകും എന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ ഇന്ധന കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്കായി പെസോ അംഗീകൃത പ്രത്യേക ബോട്ടിലുകൾ ആണ് കൊണ്ടുവന്നിരുന്നത്.