KPM Regency: ഫ്രീ വൈഫൈ, ബാർ, എയർപോർട്ട് ട്രാൻസ്ഫർ; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രിയപ്പെട്ട കെപിഎം റീജൻസി
About KPM Regency Hotel: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ കെപിഎം ഹോട്ടലിന് എംഎൽഎയുമായി മുൻപും ബന്ധമുണ്ട്. നീല ട്രോളി ബാഗിലെ കള്ളപ്പണക്കേസിൽ ഉയർന്നുവന്ന ഒരു പേരാണ് ഇത്.
രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തത് പാലക്കാട്ടെ കെപിഎം റീജൻസി എന്ന ഹോട്ടലിൽ നിന്ന്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നീല ട്രോളി ബാഗിൽ ഇവിടേക്ക് കള്ളപ്പണം കൊണ്ടുവന്നു എന്ന് ആരോപണമുണ്ടായിരുന്നു. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഈ ഹോട്ടലിൽ അന്ന് പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ആ കേസ് തള്ളിപ്പോയി. ഇന്ന് അതേ ഹോട്ടലിൽ നിന്ന് രാഹുൽ അറസ്റ്റിലായിരിക്കുന്നു.
പാലക്കാട് സർക്കാർ ആശുപത്രിക്ക് സമീപം പ്രസ് ക്ലബ് റോഡിലാണ് കെപിഎം റീജൻസി എന്ന ത്രീ സ്റ്റാർ ഹോട്ടൽ. സുൽത്താൻപേട്ടിലെ ശാന്തിനഗറിൽ സ്ഥിതിചെയ്യുന്ന ഈ ഹോട്ടലിൽ ഒരു മുറിയുടെ വാടക ഏകദേശം 1500 രൂപ മുതലാണ്. സൗജന്യ വൈഫൈ, ബാർ, റെസ്റ്റോറൻ്റ്, ഫ്രീ ബ്രേക്ക്ഫാസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ നൽകുന്ന ഒരു ഹോട്ടലാണ് ഇത്.
കെപിഎം റീജൻസിയിൽ നിന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് അര മണിക്കൂറിൽ താഴെ മാത്രമാണ് ദൂരം. നേരിട്ട് എയർപോർട്ട് ട്രാൻസ്ഫർ സൗകര്യവും ഹോട്ടലിലുണ്ട്. അതിനായി പ്രത്യേക പണം നൽകണം. ട്രാവൽ ഏജൻസി വെബ്സൈറ്റായ അഗോഡ നൽകുന്ന വിവരങ്ങളാണ് ഇത്.
മൂന്നാം ബലാത്സംഗ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കെപിഎം റീജൻസിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയായ പത്തനംതിട്ട തിരുവല്ല സ്വദേശിനി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇമെയിൽ വഴി പരാതിനൽകിയതിനെ തുടർന്ന് പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞപ്പോൾ രണ്ടാം കേസിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.