Actress Assault Case Judgement : ഇനി അഴിയെണ്ണി ജീവിക്കാം; പള്‍സര്‍ സുനി ഉള്‍പ്പെടെ പ്രതികള്‍ക്കും 20 വര്‍ഷത്തെ തടവുശിക്ഷ
Malayalam Actress Attack Case Judgement : ഒരു മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂര്‍ത്തിയായി. ശിക്ഷാവിധിയില്‍ മാത്രം വാദം മതിയെന്ന് കോടതി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു

Pulsar Suni
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് വിധിച്ചു. പ്രതികള്‍ 50,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. മരണം വരെ തടവിലിടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് ശിക്ഷ 20 വര്‍ഷമാക്കുകയായിരുന്നു. അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതികള്‍ പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പള്‍സര്‍ സുനി (സുനില്‍ എന്‍എസ്), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വിപി സജീഷ്, വടിവാള്‍ സലീം (എച്ച് സലീം), പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
ഐടി നിയമ പ്രകാരം പള്‍സര്‍ സുനിക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിധിയെന്നും, സമൂഹത്തിലെ ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ലെന്നും അതിജീവിത കടന്നുപോയത് ട്രോമയിലൂടെയാണെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. അതായത്, 7.5 വര്‍ഷത്തോളം ജയിലില്‍ കിടന്ന സുനിക്ക് ഇനി 12.5 വര്‍ഷത്തോളമാണ് ശിക്ഷ അനുഭവിക്കേണ്ടത്.
ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 11.30-ഓടെ ആറു പ്രതികളെയും കോടതിയിലെത്തിച്ചു. ഒരു മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂര്‍ത്തിയായി. വൈകുന്നേരം 4.45ഓടെയാണ് വിധി പ്രഖ്യാപിച്ചത്. വിധിയില്‍ പ്രോസിക്യൂഷന്‍ നിരാശ പ്രകടിപ്പിച്ചു. ലഭിച്ചത് ചെറിയ ശിക്ഷയാണെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
കോടതിയിലെ വാദം
ശിക്ഷാവിധിയില്‍ മാത്രം വാദം മതിയെന്ന് കോടതി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം അഭിഭാഷകര്‍ മുന്നോട്ടുവച്ചത്. ശിക്ഷയില്‍ പ്രതികള്‍ ഇളവ് തേടി. പ്രതികളില്‍ പലരും പൊട്ടിക്കരഞ്ഞു. കുടുംബപശ്ചാത്തലം പറഞ്ഞ് ശിക്ഷയില്‍ ഇളവ് തേടാനായിരുന്നു പ്രതികളുടെ ശ്രമം.
ഭാവഭേദങ്ങളില്ലാതെ പള്‍സര്‍ സുനി
പള്‍സര്‍ സുനിക്ക് കോടതിയില്‍ ഭാവഭേദങ്ങളില്ലായിരുന്നു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും, അമ്മയെ സംരക്ഷിക്കേണ്ട ചുമതല തനിക്കാണെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ നിരപരാധിയാണെന്നായിരുന്നു മാര്‍ട്ടിന്റെ വാദം. മനസറിഞ്ഞ് ഒരു തെറ്റു ചെയ്തിട്ടില്ലെന്നും തന്നോട് അലിവ് കാണിക്കണമെന്നും മൂന്നാം പ്രതി മണികണ്ഠന്‍ പറഞ്ഞു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് നാലാം പ്രതി വിജീഷും ആവശ്യപ്പെട്ടു.
താന്‍ നിരപരാധിയാണെന്നായിരുന്നു അഞ്ചാം പ്രതി വടിവാള്‍ സലീമിന്റെ വാദം. പേരിനൊപ്പമുള്ള ‘വടിവാള്‍’ പൊലീസ് ഇട്ടതാണെന്നും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. വാദത്തിനിടെ സലിം തലകറങ്ങി വീണിരുന്നു. ആറാം പ്രതി പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു. പള്‍സര്‍ സുനിയാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നും, മറ്റുള്ള പ്രതികള്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്നെന്നും കോടതി വ്യക്തമാക്കി.
നടന്‍ ദിലീപ് (പി. ഗോപാലകൃഷ്ണന്‍), ചാര്‍ലി തോമസ്, സനില്‍ കുമാര്‍, ജി. ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കോടതിയലക്ഷ്യ ഹർജികൾ
കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ഡിസംബർ 18ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നിരവധി കോടതിയലക്ഷ്യ ഹര്‍ജികള്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. അഭിപ്രായം പറയാന്‍ എത്തുന്നവര്‍ വിധിന്യായം മുഴുവനായി വായിച്ചുവേണം അത് പറയാനെന്നും ജഡ്ജി ഹണി എം. വർഗീസ് വ്യക്തമാക്കി. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചോളൂവെന്നും എന്നാല്‍ കോടതി നടപടികളെ മോശമായി ചിത്രീകരിക്കരുതെന്നും ജഡ്ജി കര്‍ശന നിലപാടെടുത്തു.
എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ചോദിച്ചു. 2017ന് ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിലേക്ക് കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്ക് സമീപം തടഞ്ഞുനിര്‍ത്തുകയും, തുടര്‍ന്ന് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നുമാണ് കേസ്.
പാസ്‌പോര്‍ട്ട് കൊടുക്കരുത്
അതേസമയം, ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്നാണ് ദിലീപിന്റെ ആവശ്യം.