AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌ഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

Milma ghee distribution Fraud in Sabarimala: ശബരിമലയിൽ എത്തേണ്ട മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ അ‌ന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. മിൽമ നൽകിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും. ഈ തട്ടിപ്പിലൂടെ മിൽമയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കുമേൽ നഷ്ടമുണ്ടായിട്ടുണ്ട്.

അ‌ഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി
Milma Ghee Distribution Fraud In SabarimalaImage Credit source: PTI, Milma
Prasanth Kumar
Prasanth Kumar | Updated On: 30 Jul 2026 | 08:02 AM

തിരുവനന്തപുരം: ശബരിമലയിൽ എത്തേണ്ട മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ അ‌ന്വേഷണ ഉത്തരവ് പുറത്തിറങ്ങി. വർഷങ്ങളുടെ ശ്രമത്തിനൊടുവിലാണ് ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാർ മിൽമ നേടിയത്‍. എന്നാൽ ആദ്യ സീസണിൽ തന്നെ ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ വ്യാജ നെയ്യ് ശബരിമലയിൽ എത്തുകയായിരുന്നു എന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടർന്ന് അ‌ന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അ‌ന്വേഷണ ഉത്തരവ് പുറത്തിറങ്ങിയത്, ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. മിൽമ നൽകിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും.

നെയ്യഭിഷേകപ്രിയനാണ് അ‌യ്യപ്പൻ എന്നാണ് വിശ്വാസം, ആ അ‌ഭിഷേക പ്രിയനെയും ഒരുസംഘം വിദഗ്ധമായി പറ്റിച്ചു എന്ന വിവരം ഏറെ ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. നേരത്തെ ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം ഏറെ കോളിളക്കം സൃഷ്ടിച്ചു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ നെയ്യ് ഇടപാടിലും വഞ്ചന നടന്നു എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

ALSO READ: തുലാഭാര ത്രാസ് പൊട്ടിവീണു, വി. മുരളീധരന് പരിക്ക്

ശബരിമലയിലേക്ക് ഉള്ള മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചു എന്നാണ് കണ്ടെത്തൽ. ഈ തട്ടിപ്പിന്റെ അ‌ന്വേഷണവും ദേവസ്വം ബോർഡിലേക്ക് തന്നെയാണ് നീളുന്നത്. ബോർഡിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിൽ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ മില്‍മ നെയ്യ് വേണ്ടിയിരുന്ന സ്ഥലത്ത് തൊണ്ണൂറ് ശതമാനത്തിലേറെ വ്യാജ നെയ്യ് ശബരിമല കയറിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചയിച്ചതിന്‍റെ നാല്‍പ്പത് ശതമാനത്തിലേറെ കൂടിയ വിലയ്ക്കാണ് ഈ വ്യാജ നെയ്യ് എത്തിയത് എന്നതും തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ഇതിലൂടെ മിൽമയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കുമേൽ നഷ്ടമുണ്ടായിട്ടുണ്ട്. മില്‍മയിലെയും ദേവസ്വം ഉദ്യോഗസ്ഥരിലെയും ചിലരുടെ ആസൂത്രണത്തിലാണ് ഈ തട്ടിപ്പ് അ‌രങ്ങേറിയത് എന്നാണ് വിലയിരുത്തൽ.

പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി കൊണ്ടുപോകേണ്ട നെയ്യ് വിതരണക്കാരനെ മാത്രം വിശ്വസിച്ച് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടു. ഗുണനിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ മില്‍മയുടെ ജീവനക്കാര്‍ക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് പ്രാഥമികപരിശോധനയില്‍ തെളിഞ്ഞത്. ഈ സംഭവത്തിൽ നെയ്യ് കൊടുത്ത മിൽമയെപ്പോലെ വാങ്ങിയ ദേവസ്വം ബോർഡിനും ഉത്തരവാദിത്തമുണ്ടെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.

പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേയ്‌ക്ക് നെയ്യ് എത്തിക്കുന്ന കരാറിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചു. അ‌തിനാൽത്തന്നെ നെയ്യ് വിതരണത്തിനുള്ള കരാർ ഘട്ടം മുതൽ ക്രമക്കേട് ആരംഭിച്ചെന്നാണ് ക്ഷീരവികസന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംമന്ത്രിക്ക് കത്ത് നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ദേവസ്വം കമ്മീഷണറുടെ അ‌ന്വേഷണത്തിൽ ഉൾപ്പെടുത്തും. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ ആവില്ലെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നുമാണ് മന്ത്രി അ‌റിയിച്ചിരിക്കുന്നത്. വിവാദത്തെ തുടർന്ന് ഗുരുതര സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസും ഇതിൽ പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. അഴിമതിക്കാരെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ സഹായിച്ചിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.ജയകുമാറും അറിയിച്ചിട്ടുണ്ട്.

English Summary

An inquiry order has been issued into the incident of Milma mishandling the ghee that was supposed to reach Sabarimala and distributing substandard ghee instead. The Devaswom Secretary is in charge of the investigation. Whether the ghee supplied by Milma was substandard or not will be part of the investigation. Milma has lost over Rs 85 lakh through this fraud. It is estimated that this fraud was masterminded by some Milma and Devaswom officials.

Follow Us