Nehru Trophy Boat Race: വീറോടെ വീയപുരം… ആവേശതിമിർപ്പിൽ കുതിച്ച് പാഞ്ഞ ജലരാജാവ്
Nehru Trophy Boat Race 2025: ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മൽസരങ്ങൾ അവസാനിച്ചപ്പോൾ നടുഭാഗം, നിരണം, വീയപുരം, മേൽപ്പാടം എന്നീ ചുണ്ടനുകളാണ് ഫൈനലിലേക്ക് കയറിയത്. അതേസമയം, കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്തായത് വലിയ നിരാശയാണ് ഉണ്ടാക്കിയത്.
എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഇക്കൊല്ലത്തെ ജലരാജാവ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ ഫോട്ടോഫിനിഷിൽ വീയപുരം രണ്ടാമതായിരുന്നു. ആയിരക്കണക്കിന് വള്ളംകളി പ്രേമികളാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫിക്ക് സാക്ഷികളായത്. രണ്ടാം സ്ഥാനത്ത് നടുഭാഗം ചുണ്ടൻ (PBC പുന്നമട) ആണ്. മൂന്നാം സ്ഥാനത്ത് മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നാലാം സ്ഥാനത്ത് നിരണം (നിരണം ബോട്ട് ക്ലബ്) എന്നിങ്ങനെയാണ് ഇത്തവണത്തെ ജലമാമാങ്കം അവസാനിച്ചത്.
നെഹ്രുട്രോഫി കൂടാതെ മറ്റ് 29 ട്രോഫികൾകൂടി ചാമ്പ്യനായ വള്ളത്തിന് ലഭിക്കുന്നതാണ്. എവർറോളിങ് ട്രോഫികളായി വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്യുന്ന ട്രോഫികളാണി മറ്റ് 29 എണ്ണം. മുൻമുഖ്യമന്ത്രി പട്ടം താണുപിള്ള സ്പോൺസർ ചെയ്ത ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ഇതിൽ ഉൾപ്പെടുന്നു.
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മൽസരങ്ങൾ അവസാനിച്ചപ്പോൾ നടുഭാഗം (PBC പുന്നമട), നിരണം (നിരണം ബോട്ട് ക്ലബ്), വീയപുരം (വില്ലേജ് ബോട്ട് ക്ലബ്), മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളായിരുന്നു ഫൈനലിലേക്ക് കയറിയത്. അതേസമയം, കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്തായത് വലിയ നിരാശയാണ് ഉണ്ടാക്കിയത്.
ആദ്യ ഹീറ്റ്സിൽ കാരിച്ചാൽ ഒന്നാമതെത്തിയിരുന്നു ( 4.30 മിനിട്ട്). ചുണ്ടൻ വള്ളങ്ങളുടെ മൂന്നാം ഹീറ്റ്സിൽ മേൽപ്പാടനാണ് മുന്നിലെത്തിയത്. ചുണ്ടൻ വള്ളങ്ങളുടെ നാലാം ഹീറ്റ്സിൽ നടുഭാഗമാണ് ഒന്നാമതെത്തിയത് (4.20 മിനിട്ട്). ഇഞ്ചുകളുടെ വ്യത്യാസത്തിൽ നിരണം രണ്ടാമതെയായിരുന്നു (4.21 മിനിട്ട്). അഞ്ചാം ഹീറ്റ്സിൽ പായിപ്പാടനാണ് ഒന്നാമതെത്തിയത് (4.26 മിനിട്ട്).
അതിനിടെ ഹീറ്റ്സിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ഇതര സംസ്ഥാന തുഴക്കാരുണ്ടായിരുന്നുവെന്ന് പരാതി. നടുഭാഗം, നിരണം വള്ളങ്ങളിൽ പ്രൊഫഷണൽ തുഴക്കാരുണ്ടായിരുന്നു എന്നാണ് പരാതി ഉയർന്നത്. പിബിസി, യുബിസി ക്ലബുകളാണ് പരാതി നൽകിയത്. 25 ശതമാനം പ്രൊഫഷണൽ തുഴച്ചിൽക്കാരാണ് ഒരു ഹീറ്റ്സിൽ അനുവദനീയമായിട്ടുള്ളത്.
പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു കൈയൊപ്പിട്ട ട്രോഫി സ്വന്തമാക്കാൻ 21 ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി മൽസരത്തിനിറങ്ങിയത്. ഇവയിൽ നിന്നും ആവേശത്തിൻ്റെ തുഴയെറിയുന്ന 4 ചുണ്ടൻ വള്ളങ്ങൾ മാത്രമാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കൊല്ലത്തെ ജലമേള ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും അദ്ദേഹത്തിന് എത്താനായില്ല. പകരം മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരടക്കമുള്ളവർ മുഖ്യാതിഥികളായി പങ്കെടുത്തിരുന്നു.