Paravur Housewife Death: കോട്ടുവള്ളിയിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ പോലീസ് കസ്റ്റഡിയിൽ
Paravur Housewife Asha Death: പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൊച്ചി: എറണാകുളം കോട്ടുവള്ളിയിലെ വീട്ടമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മൂത്ത മകളെ കസ്റ്റഡിയിലെടുത്തു. സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും കാരണങ്ങൾ ഒന്നുമില്ലാതെ ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകൻ ആദ്യം പോലീസിനെ തടഞ്ഞെങ്കിലും കോടതിയിൽ നിന്ന് പ്രത്യേക അനുമതി പത്രം എത്തിച്ച ശേഷം രാത്രിയോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട റിട്ട.പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിൻറെയും ഭാര്യ ബിന്ദുവിൻറെയും മകളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചി കലൂരിൽ വച്ചാണ് അഭിഭാഷകർ പോലീസ് നടപടി തടഞ്ഞത്. ബലം പ്രയോഗിച്ചാണ് മകളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി പത്രം വാങ്ങിയതെന്നും അഭിഭാഷകർ ആരോപിച്ചു. അതേസമയം, പ്രദീപും ബിന്ദുവും നിലവിൽ ഒളിവിലാണെന്ന് പോലീസ് പറയുന്നു. പ്രദീപും ബിന്ദുവും മകളും ചേർന്നാണ് ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ സാചര്യത്തിലാണ് ബിന്ദുവിനൊപ്പം മകളെ കൂടി കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. അഭിഭാഷകർ തടഞ്ഞതിനെ തുടർന്ന് മജിസ്ട്രേറ്റിൻറെ ഉത്തരവുമായി എത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പുഴയിൽ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ, ഭാര്യ ബിന്ദു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ആശയും ബിന്ദുവും തമ്മിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക കിടപ്പും പോലീസ് അന്വേഷിച്ചു വരികയാണ്.
പറവൂർ കോട്ടുവള്ളി സ്വദേശിയായ ആശ ബെന്നിയെ ചൊവ്വാഴ്ചയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുവിൽ നിന്ന് 2022 മുതൽ പലതവണയായി പത്ത് ലക്ഷം രൂപ ആശ കടം വാങ്ങിയിരുന്നു. എന്നാൽ, പലിശ സഹിതം പണം മുഴുവൻ തിരികെ നൽകിയിട്ടും പലിശക്കുമേൽ പലിശയും ചോദിച്ച് കടുത്ത ഭീഷണി നേരിട്ടുവെന്ന് ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബിന്ദുവും പ്രദീപും ചേർന്ന് പോലീസ് സ്റ്റേഷനിലും വീട്ടിലും വച്ച് ആശയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശക്കും ബിന്ദുവിനും ഇടയിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത ഉണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.