Pinarayi Vijayan: പ്രതിപക്ഷത്തെ പിണറായി നയിക്കും; സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം
CPM Kerala State Committee Appoints Pinarayi Vijayan as Leader of the Opposition : പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിനെ ഭരണത്തിലേക്ക് നയിച്ച പിണറായി വിജയൻ, ഇനി സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദമാകും. ഭരണപക്ഷത്തിന്റെ നയങ്ങളെയും നടപടികളെയും നേരിടാൻ പിണറായിയുടെ പരിചയസമ്പത്തും കരുത്തും അത്യാവശ്യമാണെന്ന് സിപിഎം യോഗം വിലയിരുത്തി. കെ.എൻ. ബാലഗോപാൽ അടക്കമുള്ള നേതാക്കളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി തന്നെ മുൻനിരയിൽ നിൽക്കണമെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുകയായിരുന്നു.
എന്നാല്‍ തലമുറമാറ്റത്തിലേക്ക് സിപിഎം കടക്കാത്തതിനെതിരെ സൈബറിടങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ഒരു തലമുറ മാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും, പഴയ നേതൃത്വത്തിൽ തന്നെ പാർട്ടി അഭയം പ്രാപിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിമര്‍ശനം. പിണറായി തന്നെ പ്രതിപക്ഷ നേതാവാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പിണറായി സ്വയം മാറിനിന്നാല്‍ മാത്രം മറ്റ് പേരുകള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായിയുടെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇതാദ്യമായാണ് പിണറായി പ്രതിപക്ഷ നേതാവാകുന്നത്. പിബി അംഗം കൂടിയായ പിണറായി സഭയിലുള്ളപ്പോള്‍, മറ്റ് പേരുകളിലേക്ക് ചര്‍ച്ച പോകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം.
Also Read: Kerala New CM: ‘പട നയിച്ചവന്‍ ഭരിക്കട്ടെ’; കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു
ഇത്തവണ 19,247 വോട്ടുകള്‍ക്കാണ് പിണറായി ധര്‍മ്മടത്തുനിന്ന് വിജയിച്ചത്. തുടക്കത്തില്‍ കോണ്‍ഗ്രസിലെ വിപി അബ്ദുല്‍ റഷീദ് ലീഡ് ചെയ്തിരുന്നെങ്കിലും, അവസാന റൗണ്ടുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത് മൂന്നാം തവണയാണ് പിണറായി ധര്‍മ്മടത്തു നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. 2016-ല്‍ 36,905 വോട്ടുകള്‍ക്കും, 2021-ല്‍ 50123 വോട്ടുകള്‍ക്കുമാണ് പിണറായി ധര്‍മ്മടത്തുനിന്ന് ജയിച്ചത്.
1970, 1977, 1991 വര്‍ഷങ്ങളില്‍ കൂത്തുപറമ്പില്‍ നിന്നും, 1996-ല്‍ പയ്യന്നൂരില്‍ നിന്നും പിണറായി വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴു തവണയാണ് പിണറായി മത്സരിച്ചത്. ഏഴു തവണയും ജയിച്ചു. 1996-1998 കാലയളവില്‍ സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.
സതീശന്‍-പിണറായി പോരാട്ടം
നിയമസഭയിൽ എൽഡിഎഫിന് അംഗസംഖ്യ വളരെ കുറവാണെന്നിരിക്കെ (35 സീറ്റുകൾ), വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷത്തെ നേരിടാൻ (102 സീറ്റുകള്‍) പിണറായിക്ക് എത്രത്തോളം സാധിക്കുമെന്ന ചോദ്യവുമുയരുന്നുണ്ട്. വിഡി സതീശനും, പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയപോരാട്ടമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടത്. ഇനി കാണാന്‍ പോകുന്നതും ആ പോരാട്ടത്തിന്റെ തുടര്‍ച്ചയായിരിക്കും. പക്ഷേ, റോളുകള്‍ പരസ്പരം മാറിയെന്ന് മാത്രം.
പ്രതിപക്ഷ ഉപനേതാവ്
അതേസമയം, പ്രതിപക്ഷ ഉപനേതാവ് ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായില്ലെന്നാണ് സൂചന. സിപിഐ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിപിഐയുടെ ഈ ആവശ്യത്തില്‍ സിപിഎം അതൃപ്തിയിലാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎം വിട്ടുകൊടുത്തില്ലെങ്കില്‍, കെഎന്‍ ബാലഗോപാല്‍ ആ പദവിയിലെത്തിയേക്കും. സിപിഎക്ക് സ്ഥാനം വിട്ടുകൊടുത്താന്‍ മുന്‍ റവന്യൂമന്ത്രി കെ. രാജന്‍ പ്രതിപക്ഷ ഉപനേതാവാകാനാണ് സാധ്യത.
English Summary
Pinarayi Vijayan was chosen as the Leader of the Opposition. This follows the appointment of V.D. Satheesan as the new Chief Minister. The CPM prioritized experience over a younger generation shift. The party faces challenges due to its low seat count in the assembly.