Droupadi Murmu: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുത്; ഹൈക്കോടതിയുടെ കർശന നിർദേശം
President Murmu's Sabarimala Visit on Oct 22: ഈ മാസം 22-ാം തീയതിയാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ നൽകിയ അപേക്ഷ ഹൈക്കോടതി പരിഗണിച്ചു.
എറണാകുളം: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പോലീസിനും കോടതി നിർദേശം നൽകി.
ഈ മാസം 22-ാം തീയതിയാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ നൽകിയ അപേക്ഷ ഹൈക്കോടതി പരിഗണിച്ചു.
പ്രധാന കോടതി നിർദേശങ്ങൾ
- രാഷ്ട്രപതിയുടെ ദർശന ദിവസം ഏകദേശം മുപ്പതിനായിരത്തോളം ഭക്തർ എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ കോടതിയെ അറിയിച്ചത്. ഈ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
- സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമ്പോൾ അത് സാധാരണ ഭക്തർക്ക് യാതൊരുവിധ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കാതെ കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കണം.
വാഹന ക്രമീകരണങ്ങൾ
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് രാഷ്ട്രപതി സഞ്ചരിക്കുന്നത് പുതിയ ഗൂർഖ ഓഫ് റോഡ് വാഹനത്തിൽ ആയിരിക്കും. രാഷ്ട്രപതിയുടെ വാഹനം ഉൾപ്പെടെ ആറ് വാഹനങ്ങൾക്ക് സന്നിധാനത്തേക്ക് കടന്നുപോകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡും പരമ്പരാഗത പാതയും വഴിയായിരിക്കും ഈ വാഹനവ്യൂഹം സന്നിധാനത്ത് എത്തുക.
വാഹനങ്ങളുടെ ട്രയൽ റൺ ഉടൻതന്നെ നടത്തുമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ ദർശനത്തിൽ ശബരിമലയിലെ എല്ലാ ആചാര അനുഷ്ഠാനങ്ങളും താന്ത്രിക വിധിയും പാരമ്പര്യവും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശന വിവരങ്ങൾ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോർഡ് കോടതിയെ ബോധിപ്പിച്ചു.