കണ്ണൂർ ജയിലിൽ ‘സാമ്പാർ കലാപം’; തടവുകാരന് സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തേറ്റു
prisoner stabbed another prisoner in Kannur jail for sambar: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സാമ്പാറിനെ ചൊല്ലി അടിപിടി. ഈ 'സാമ്പാർ' സംഘർഷത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടിയിലെ രാമൻകുട്ടി (56) ക്കാണ് പരിക്കേറ്റത്. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിയാണ് രാമൻകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ‘സാമ്പാർ കലാപം’. സാമ്പാർ കൂടുതൽ നൽകിയില്ല എന്ന വൈരാഗ്യത്താൽ തടവുകാരൻ സഹ തടവുകാരനെ കുത്തിപ്പരുക്കേൽപ്പിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഗുളിക ഭക്ഷണത്തിന് മുൻപ് നൽകണം എന്ന് ആവശ്യപ്പെട്ട് കണ്ണൂർ സബ് ജയിലിൽ ഒരു തടവുകാരൻ ജയിൽ ജീവനക്കാരനെ മർദിച്ചതിന് പിന്നാലെയാണ് വീണ്ടും കണ്ണൂരിലെ തന്നെ ജയിലിൽ നിന്ന് വീണ്ടുമൊരു അക്രമം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തടവുകാർ തമ്മിൽ ഉണ്ടായിരിക്കുന്ന അടിപിടി സാമ്പാറിനെ ചൊല്ലിയാണ്, ഈ ‘സാമ്പാർ’ സംഘർഷത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടിയിലെ രാമൻകുട്ടി (56) ക്കാണ് പരിക്കേറ്റത്.
അഞ്ചാം ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിയാണ് രാമൻകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവ ദിവസം പ്രഭാതഭക്ഷണം വിളമ്പിയത് രാമൻകുട്ടിയാണ്. ഇഡ്ഡലിയുടെ കൂടെ കൂടുതൽ സാമ്പാർ വേണമെന്ന് കിരൺരാജ് രാമൻകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ തടവുകാർക്കും തുല്യമായ രീതിയിൽ മാത്രമേ കറി വിളമ്പാൻ പാടൂള്ളൂ എന്നാണ് നിർദേശമെന്ന് രാമൻകുട്ടി പറഞ്ഞു.
ALSO READ: വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ ലൈസൻസ്; മലപ്പുറം സബ് ആർടി ഓഫീസിനെതിരെ വിജിലൻസ് അന്വേഷണം
മറുപടി കേട്ട് പ്രകോപിതനായ കിരൺരാജ് രാമൻകുട്ടിയെ പിടിച്ചുതള്ളുകയും സ്റ്റീൽഗ്ലാസുകൊണ്ട് നെറ്റിയിൽ കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് വിവരം. തലയ്ക്ക് മുറിവേറ്റ രാമൻകുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം ഇതേ സെൻട്രൽ ജയിലിൽ തന്നെ രണ്ട് കാപ്പാ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കാപ്പ നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന കോട്ടയം സ്വദേശിയായ മനുവിനാണ് കഴിഞ്ഞ ദിവസം കാപ്പാ തടവുകാർ തമ്മിലുണ്ടായ അടിപിടിയിൽ കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയത്. പരുക്കേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുളിക മുൻകൂർ നൽകാത്തതിന് ജയിൽ ജീവനക്കാരന് മർദനം
കണ്ണൂരിൽ തന്നെ കഴിഞ്ഞ ദിവസം തടവുകാരനിൽ നിന്ന് ജയിൽ ജീവനക്കാരന് മർദ്ദനമേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. പീഡനക്കേസിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന പ്രതിയാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്, ഇതിന്റെ കാരണവും കേട്ടാൽ വിചിത്രമാണ്.
ആഹാരത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ആഹാരം കഴിക്കുന്നതിന് മുൻപായി നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടു. പക്ഷേ ഇത് അനുവദിക്കാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥർ തയാറായില്ല. ഇതോടെയാണ് തർക്കം ആരംഭിച്ചത്. പ്രതിയും ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സുഹൈൽ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് സുഹൈലിനെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary
A fight broke out between prisoners in Kannur Central Jail over sambar. Ramankutty (56) of Ambalavayal Pothuketty, a convict in the fifth block of Kannur Central Jail, was injured. Ramankutty was stabbed by Kiranraj Shetty, an inmate in the same block. Kiranraj demanded more sambar with his idli. However, the accused attacked him after Ramankutty said that the order was to serve curry equally to all the prisoners.