Rahul Mamkootathil: ‘വിഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, പക്ഷേ…’; രാഹുൽ മാങ്കൂട്ടത്തിൽ
വി ഡി സതീശനോട് തനിക്കും നിങ്ങൾക്കും യോജിക്കാനും വിയോജിക്കാനും കഴിയും പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പുനർജനിയിൽ ആദ്യമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് വി ഡി സതീശനാണെന്നും പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണെന്നും രാഹുൽ പറഞ്ഞു.
വി ഡി സതീശനോട് തനിക്കും നിങ്ങൾക്കും യോജിക്കാനും വിയോജിക്കാനും കഴിയും പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
അതേസമയം ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വി.ഡി.സതീശനെതിരെ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാർ നീക്കം.പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേടുണ്ടോയെന്ന് സിബിഐയ്ക്ക് പരിശോധിക്കാം എന്നായിരുന്നു വിജിലൻസ് ശുപാർശ.
Also Read:അപ്പീൽ നൽകാനൊരുങ്ങി അയോഗ്യനായ ആൻ്റണി രാജു എംഎൽഎ; കൂട്ടുപ്രതി ജോസും അപ്പീൽ നൽകും
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? അല്ല…ബിജെപി ആണോ? അല്ല…അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.
ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്. പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്..