തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അലർട്ട് പ്രഖ്യാപിച്ചു
A person died after being struck by lightning in Thiruvananthapuram: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശിയായ വിൻസന്റ് ആണ് മരിച്ചത്. പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് തിരുവനന്തപുരത്ത് യെല്ലോ അലർട്ട് മാറി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ. തിരുവനന്തപുരത്ത് പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം പലയിടങ്ങളിലും ഇടിയും മിന്നലും ഉണ്ടായി. നെയ്യാറ്റിൻകരയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശിയായ വിൻസന്റ് ആണ് മരിച്ചത്. പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അടുത്ത 5 ദിവസത്തേക്കുള്ള ഏറ്റവും പുതിയ മഴ സാധ്യത പ്രവചനത്തിൽ തിരുവനന്തപുരം ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ പൊടുന്നനെ മാറ്റം ഉണ്ടാകുകയും തിരുവനന്തപുരത്ത് യെല്ലോ അലർട്ട് മാറി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ടരയോടുകൂടി പുറത്തിറക്കിയ മുന്നറിയിപ്പിലാണ് തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടുകൂടി മിന്നലേറ്റുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ALSO READ: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
കുന്നത്തുകാലിലെ സ്വകാര്യ പുരയിടത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
കൂടാതെ 03/10/2026 മുതൽ 05/10/2026 വരെ തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറക്കിയ അറിയിപ്പിൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പ്രഖ്യാപിച്ചിരുന്നത്.
പുതിയ അറിയിപ്പിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പുറമേ, ആലപ്പുഴ ജില്ലയിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) യെല്ലോ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് വൈകുന്നേരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഒക്ടോബർ 4, 5 തിയതികളിൽ വീണ്ടും മഴ കനക്കും. ഒക്ടോബർ 4ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒക്ടോബർ 5ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ മിന്നൽ ജാഗ്രത പുലർത്തണം എന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.
English Summary
A person died after being struck by lightning in Neyyattinkara, Thiruvananthapuram. The deceased has been identified as Vincent, a native of Parashuvakkal in Kunnathukal, Neyyattinkara. Ajesh (from Parashuvakkal) and Dasayyan (from Adumankavu) sustained injuries in the incident. Following a sudden change in weather conditions, the alert status for Thiruvananthapuram has been upgraded from ‘Yellow’ to ‘Red’.