പാലക്കാടിന്റെ എമർജൻസി ക്വാട്ടയിൽ മാറ്റം; വന്ദേഭാരത്, മാവേലി, മലബാർ ഉൾപ്പെടെ 18 ട്രെയിനുകളെ ബാധിക്കും
emergency quota for the Palakkad Division has been reduced: മംഗളൂരുവിൽനിന്ന് ആരംഭിച്ച് ബെംഗളൂരു, കൊങ്കൺ റെയിൽവേ ഭാഗത്തേക്ക് പോകുന്ന വണ്ടികളുടെ എമർജൻസി ക്വാട്ടയുടെ പൂർണ ഉത്തരവാദിത്വം ഇനി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനായിരിക്കും. അതേസമയം, തെക്കോട്ട് പോകുന്ന ട്രെയിനുകൾക്കുള്ള ക്വാട്ട പാലക്കാട്, മൈസൂരു ഡിവിഷനുകൾക്കിടയിൽ വിഭജിക്കുകയും ചെയ്തിരിക്കുന്നു.
പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ മാറ്റങ്ങൾ നടപ്പിലാക്കാനുള്ള നടപടികളുടെ ഭാഗമായി പുതുക്കിയ ‘എമർജൻസി ക്വാട്ട’ (EQ) ക്രമീകരണം പ്രാബല്യത്തിൽ വന്നു. മംഗളൂരുവിൽനിന്ന് ആരംഭിച്ച് ബെംഗളൂരു, കൊങ്കൺ റെയിൽവേ ഭാഗത്തേക്ക് പോകുന്ന വണ്ടികളുടെ എമർജൻസി ക്വാട്ടയുടെ പൂർണ ഉത്തരവാദിത്വം ഇനി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനായിരിക്കും. അതേസമയം, തെക്കോട്ട് പോകുന്ന ട്രെയിനുകൾക്കുള്ള ക്വാട്ട പാലക്കാട്, മൈസൂരു ഡിവിഷനുകൾക്കിടയിൽ വിഭജിക്കുകയും ചെയ്തിരിക്കുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ സുപ്രധാന മാറ്റം വെളിപ്പെടുത്തിയത്.
ഇനിമുതൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടികളിലെ എമർജൻസി ക്വാട്ട പാലക്കാട് ഡിവിഷന് പൂർണമായി കിട്ടില്ല. വണ്ടി പുറപ്പെടുന്ന സ്റ്റേഷനിൽനിന്നുള്ള എമർജൻസി ക്വാട്ടയുടെ വിഹിതം വ്യാഴാഴ്ച മുതൽ കുറഞ്ഞു എന്നാണ് റിപ്പോർട്ട്. മംഗളൂരു സെൻട്രലിൽനിന്നും മംഗളൂരു ജങ്ഷനിൽനിന്നും ആരംഭിക്കുന്നതും അതുവഴി പോകുന്നതുമായ വണ്ടികളുടെ ഹെഡ് ക്വാർട്ടർ ക്വാട്ടയിലാണ് മാറ്റം വരുത്തിയത്.
Also Read: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; പിങ്ക് ലൈൻ ഉടൻ സർവീസിലേക്ക്
പുതിയ എമർജൻസി ക്വാട്ട മാറ്റം വന്ദേഭാരത്, മാവേലി, മലബാർ എക്‌സ്പ്രസുകൾ ഉൾപ്പെടെ 18 വണ്ടികളെ ഇത് ബാധിക്കും. മംഗളൂരു-ഗോവ വന്ദേഭാരത്, മത്സ്യഗന്ധ ഉൾപ്പെടെ എട്ടു വണ്ടികളിൽ പാലക്കാടിന് പ്രാതിനിധ്യമില്ല. മംഗളൂരുവിൽനിന്ന് ആരംഭിച്ച് തിരുവനന്തപുരം, ചെന്നൈ ഭാഗങ്ങളിലേക്ക് പോകുന്ന വണ്ടികളുടെ എമർജൻസി ക്വാട്ടയിൽ മൂന്നിൽ രണ്ട് ഭാഗമായിരിക്കും ഇനി പാലക്കാടിന് കിട്ടുക.
മുൻപ് പാലക്കാട് ഡിവിഷനിൽനിന്നാണ് മുഴുവൻ എമർജൻസി ക്വാട്ട ടിക്കറ്റുകളും അനുവദിക്കാറ്. ഇനി ലോവർ ബർത്തുകൾ ഉൾപ്പെടെ മൈസൂരു ഡിവിഷനുമായി പങ്കിടണം. നിലവിൽ ഒരു വണ്ടിക്ക് ശരാശരി 30 സ്ലീപ്പർ ബർത്തുകൾ ഇക്യു വിഭാഗത്തിൽ മാറ്റിവെക്കാറുണ്ട്. ഇനി ഇതിൽ 20 എണ്ണം പാലക്കാടിനും 10 എണ്ണം മൈസൂരു ഡിവിഷനുമാണ് അനുവദിക്കുക.
തേർഡ് എ.സി.യിലെ 15 എമർജൻസി ക്വാട്ടയിൽ 10 എണ്ണം പാലക്കാടിനും അഞ്ചെണ്ണം മൈസൂരു ഡിവിഷനുമാണ് നൽകുക. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിഷയം പരിശോധിക്കുകയും അന്തിമ തീരുമാനമെടുക്കുകയും ചെയ്യുന്നത് വരെ, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് ജോൺ ബ്രിട്ടാസ് അറിയിച്ചു.
English Summary
A revised ‘Emergency Quota’ (EQ) arrangement has come into effect as part of the administrative measures to transfer Mangaluru out of the Palakkad Division. The Mysuru Division of the South Western Railway will now hold full responsibility for the Emergency Quota of trains originating from Mangaluru and heading towards Bengaluru and the Konkan Railway route. Meanwhile, the quota for southbound trains has been divided between the Palakkad and Mysuru divisions.