നഗരാസൂത്രണം ഡ്രൈവിംഗ് സീറ്റിലിരുന്നാണ്; എന്നാൽ അവ ജീവിക്കുന്നത് കാൽനടയാത്രക്കാരാണ്
നഗരം മുറിച്ചുകടക്കാൻ ട്രെയിനിൽ ഇരുപത് മിനിറ്റ് മതിയെങ്കിലും, സ്റ്റേഷനിൽ നിന്ന് ഓഫീസിലേക്ക് നടപ്പാതയില്ലാത്ത റോഡിലൂടെ മുപ്പത് മിനിറ്റ് നടക്കേണ്ടി വന്നാൽ ആ വേഗത കൊണ്ട് വലിയ കാര്യമില്ല. ഗതാഗത സംവിധാനത്തിലെ ഒരു അപ്രധാന കഥാപാത്രമല്ല കാൽനടയാത്രക്കാരൻ. അവളാണ് അതിന്റെ ആദ്യത്തെയും അവസാനത്തെയും പടി. ഏത് യാത്രയും, അതെങ്ങനെ തുടങ്ങിയാലും, അവസാനിക്കുന്നത് കാൽനടയായിട്ടാണ്.
നഗരത്തിലെ ആശുപത്രിയിൽ ശൂചീകരണ ജോലിയാണ് ലതക്ക്. ലതയുടെ ദിവസം തുടങ്ങുന്നത് ഒരു പ്രഭാത നടത്തത്തോടെയാണ്. പുലർച്ചെ അഞ്ച് മണിക്ക് തൻ്റെ ഒറ്റമുറി വീട്ടിൽ നിന്ന് അവൾ പുറത്തിറങ്ങുന്നു. നടപ്പാതയില്ലാത്ത റോഡ് മുറിച്ചുകടക്കുന്നു; പാർക്ക് ചെയ്തിരിക്കുന്ന കാറിനും നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മണൽക്കൂനയ്ക്കും ഇടയിലൂടെ വഴി കണ്ടെത്തി നടക്കുന്നു. സിഗ്നലില്ലാത്ത ഒരു ക്രോസിംഗിൽ പത്ത് മിനിറ്റോളം കാത്തുനിന്ന ശേഷം, മേൽക്കൂര പോലുമില്ലാത്ത ബസ് സ്റ്റോപ്പിലേക്ക് ഇരുപത് മിനിറ്റ് കൂടി നടക്കുന്നു. ബസ് എപ്പോഴെങ്കിലും വരുമ്പോൾ അതിൽ നിറയെ ആളുകളായിരിക്കും. ആശുപത്രിയിൽ എത്തിയാലോ, വൈകുന്നേരം ആറ് മണി വരെ നീണ്ട ഇടനാഴികളിലൂടെ അവൾ വീണ്ടും നടക്കുന്നു. ജോലിക്ക് എങ്ങനെയാണ് പോകുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ, “ബസ്സിൽ” എന്നായിരിക്കും അവളുടെ ഉത്തരം. എന്നാൽ ആ യാത്രയ്ക്കിടയിലെ ബാക്കി നാൽപ്പത് മിനിറ്റ് ആരും കണക്കിലെടുക്കാറില്ല.
ഇന്ത്യൻ നഗരങ്ങളുടെ ചെറിയൊരു രഹസ്യം
ഇന്ത്യൻ നഗരങ്ങളുടെ ചെറിയൊരു രഹസ്യമാണിത്: വാഹനമോടിക്കുന്നവർക്ക് വേണ്ടിയാണ് നാം നഗരങ്ങൾ ആസൂത്രണം ചെയ്യുന്നത്, എന്നാൽ അവിടെ ജീവിക്കുന്നത് കാൽനടയാത്രക്കാരാണ്. ഏതെങ്കിലും ഒരു കവലയിൽ ഒരു മിനിറ്റ് നിന്ന് കടന്നുപോകുന്നവരെ ഒന്ന് എണ്ണിനോക്കൂ. കാറുകൾ, സ്കൂട്ടറുകൾ, ബസ്സുകൾ, ഓട്ടോകൾ, കുറച്ച് സൈക്കിളുകൾ—എന്നാൽ ഇവയ്ക്കെല്ലാമിടയിൽ ഏറ്റവും കൂടുതലുള്ളത് കാൽനടയാത്രക്കാരാണ്. വാഹനങ്ങൾക്ക് പകരം യാത്രകളുടെ എണ്ണമെടുത്താൽ, നമ്മുടെ റോഡുകൾ ഒരിക്കലും പറയാത്ത ഒരു സത്യം നമുക്ക് കണ്ടെത്താനാകും. ഭൂരിഭാഗം ആളുകളും നടക്കുകയാണ്.
നയരൂപീകരണ സ്ഥാപനമായ ഒ.ആർ.എഫ് ശേഖരിച്ച പഠനങ്ങൾ കാണിക്കുന്നത്, ഒരു കോടിയിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഏകദേശം 43 ശതമാനം യാത്രകളും കാൽനടയായാണ് എന്നാണ്. പത്ത് ലക്ഷം മുതൽ ഒരു കോടി വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഇത് 37 ശതമാനവും, ചെറിയ നഗരങ്ങളിൽ പകുതിയോളം (49 ശതമാനം) യാത്രകളും കാൽനടയായാണ് നടക്കുന്നത്. മറ്റൊരു വിശകലന പ്രകാരം നഗരയാത്രകളുടെ 40 ശതമാനത്തോളം നടത്തവും സൈക്കിൾ സവാരിയും ചേർന്നതാണ്.
ആകെ യാത്രകളുടെ 15 ശതമാനം മാത്രം
നഗരരൂപകൽപ്പനയിൽ ആധിപത്യം പുലർത്തുന്ന സ്വകാര്യ വാഹനങ്ങൾ കണക്കുകളിൽ വളരെ ചെറുതാണ്. വലിയ നഗരങ്ങളിൽ കാറുകളും ഇരുചക്രവാഹനങ്ങളും ചേർന്നാൽ ആകെ യാത്രകളുടെ 15 ശതമാനം മാത്രമേ വരുന്നുള്ളൂ. ഇടത്തരം നഗരങ്ങളിൽ ഇത് 26 ശതമാനമാണ്. ഏത് വലിപ്പത്തിലുള്ള നഗരമെടുത്താലും, വാഹനമോടിക്കുന്നവരേക്കാൾ കൂടുതൽ കാൽനടയാത്രക്കാരാണ്. അപ്പോൾപ്പിന്നെ ഈ റോഡുകൾ ആർക്കുവേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് ചോദിക്കുന്നത് തികച്ചും ന്യായമാണ്. വാഹനങ്ങൾക്ക് വീതിയേറിയ പാതകൾ സർവ്വസാധാരണമാണ്; എന്നാൽ നടപ്പാതകൾ തകർന്നതോ, പാർക്ക് ചെയ്ത കാറുകൾ തടസ്സപ്പെടുത്തിയതോ, അല്ലെങ്കിൽ തീരെ ഇല്ലാത്തതോ ആണ്. റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളാകട്ടെ വളരെ അകലെയും. നഗര ഗതാഗത ബജറ്റിന്റെ 5 ശതമാനത്തിൽ താഴെ മാത്രമാണ് കാൽനടയാത്രയ്ക്കും സൈക്കിൾ സവാരിക്കുമായി നീക്കിവയ്ക്കുന്നതെന്ന് ഒരു പഠനം കണക്കാക്കുന്നു. ഇതൊരു ദ്വിതീയ സ്രോതസ്സിൽ നിന്നുള്ള കണക്കായതിനാൽ ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കേണ്ടതുണ്ടെങ്കിലും, 40 മുതൽ 50 ശതമാനം വരെ യാത്രകൾ നടക്കുന്ന ഈ മേഖലയോടുള്ള വലിയ അവഗണന തന്നെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
സാധാരണക്കാരായ തൊഴിലാളികളുടെ വാഹനമായ ബസ്സിന്റെ കാര്യവും സമാനമാണ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് ഒരു ലക്ഷം ആളുകൾക്ക് 40 മുതൽ 60 ബസ്സുകൾ വരെ വേണം. ഒ.ആർ.എഫിന്റെ കണക്കുപ്രകാരം ബെംഗളൂരുവിൽ ഒരു ലക്ഷം പേർക്ക് ഏകദേശം 45 ബസ്സുകളുണ്ട്; അവർ ആ കുറഞ്ഞ പരിധി പാലിക്കുന്നു. മുംബൈയിൽ 28-ഉം, ചെന്നൈയിലും ഹൈദരാബാദിലും 31 വീതവുമാണ് ബസ്സുകളുടെ എണ്ണം. താഴേക്ക് പോകുമ്പോൾ ജയ്പൂരിൽ 10, നാഗ്പൂരിൽ 8, ലഖ്‌നൗവിൽ 7 എന്നിങ്ങനെയാണ് സ്ഥിതി. ഒരു ലക്ഷം ആളുകൾക്ക് വെറും ഏഴ് ബസ്സുകൾ മാത്രമുള്ള ഒരു നഗരത്തിൽ, ബസ് കാത്തുനിൽക്കുന്നത് ഒരു ചെറിയ അസൗകര്യമല്ല. മറ്റൊരു യാത്രാമാർഗ്ഗവുമില്ലാത്ത ആശുപത്രി ശുചീകരണത്തൊഴിലാളിയും, കടയിലെ സഹായിയും, വിദ്യാർത്ഥിയും തങ്ങളുടെ ജോലിക്കും പഠനത്തിനുമായി ദിവസവും നൽകേണ്ടി വരുന്ന വലിയൊരു വിലയാണത്.
ഈ ചിത്രത്തിലെ തിളക്കമുള്ള ഭാഗം മെട്രോയാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും മെട്രോ ലൈനുകൾ നിർമ്മിച്ചിട്ടുണ്ട്, അത് വലിയൊരു നേട്ടം തന്നെയാണ്. ലക്ഷക്കണക്കിന് യാത്രക്കാരാണ് ദിവസവും ഇവ ഉപയോഗിക്കുന്നത്. എന്നാൽ, മുൻകൂട്ടി കണക്കാക്കിയ യാത്രക്കാരുടെ എണ്ണവും യഥാർത്ഥ യാത്രക്കാരുടെ എണ്ണവും തമ്മിൽ ഒ.ആർ.എഫ് പഠനം താരതമ്യം ചെയ്തപ്പോൾ, പല ലൈനുകളിലും പ്രതീക്ഷിച്ചതിലും വളരെ കുറവ് ആളുകൾ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തി. മുംബൈയിലെ ആദ്യ ലൈൻ പ്രതീക്ഷിച്ചതിന്റെ 75 ശതമാനത്തോളം എത്തിയപ്പോൾ, ഹൈദരാബാദിൽ ഇത് 26 ശതമാനവും കാൺപൂരിൽ വെറും 2 ശതമാനവും മാത്രമാണ്. ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്; ചില പ്രത്യേക വർഷങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനങ്ങൾ നടത്തിയിരുന്നത്, എന്നാൽ യഥാർത്ഥ കണക്കുകളിൽ ചിലത് യാത്രകൾ പൂർണ്ണമായും നിലച്ച കോവിഡ് കാലത്തേതാണ്. അതിനാൽ ഈ അന്തരം യഥാർത്ഥത്തിലുള്ളതിനേക്കാൾ വലുതായി തോന്നാം. എങ്കിലും, ആസൂത്രകർ പ്രതീക്ഷിച്ച ജനക്കൂട്ടം മെട്രോകളിലേക്ക് എത്തിയില്ല എന്ന വസ്തുത അവഗണിക്കാനാവില്ല.
ഇതിനെയാണ് ‘ലാസ്റ്റ് മൈൽ
ഒരു മെട്രോ സ്റ്റേഷൻ ഉപകാരപ്രദമാകണമെങ്കിൽ യാത്രക്കാരന് അവിടേക്ക് സുരക്ഷിതമായി നടന്നെത്താനും, ഇറങ്ങുന്ന സ്റ്റേഷനിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് നടന്നുപോകാനും കഴിയണം എന്നതാണ് ഇതിനൊരു പ്രധാന കാരണം. ഇതിനെയാണ് ‘ലാസ്റ്റ് മൈൽ’എന്ന് വിളിക്കുന്നത്; പല യാത്രകളുടെയും വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്നത് ഇവിടെയാണ്. നഗരം മുറിച്ചുകടക്കാൻ ട്രെയിനിൽ ഇരുപത് മിനിറ്റ് മതിയെങ്കിലും, സ്റ്റേഷനിൽ നിന്ന് ഓഫീസിലേക്ക് നടപ്പാതയില്ലാത്ത റോഡിലൂടെ മുപ്പത് മിനിറ്റ് നടക്കേണ്ടി വന്നാൽ ആ വേഗത കൊണ്ട് വലിയ കാര്യമില്ല. ഗതാഗത സംവിധാനത്തിലെ ഒരു അപ്രധാന കഥാപാത്രമല്ല കാൽനടയാത്രക്കാരൻ. അവളാണ് അതിന്റെ ആദ്യത്തെയും അവസാനത്തെയും പടി. ഏത് യാത്രയും, അതെങ്ങനെ തുടങ്ങിയാലും, അവസാനിക്കുന്നത് കാൽനടയായിട്ടാണ്.
ഇത് കേവലം സൗകര്യത്തിന്റെ മാത്രം പ്രശ്നമല്ല. പ്രധാനമായും കാറുകളെ കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന ഒരു നഗരം പെട്ടെന്നുതന്നെ ഗതാഗതക്കുരുക്കിലും മലിനീകരണത്തിലും വീർപ്പുമുട്ടും. ഏറ്റവും കൂടുതൽ നടക്കുന്ന പാവപ്പെട്ടവരും, വയോധികരും, സ്ത്രീകളും, കുട്ടികളുമാണ് ഏറ്റവും വലിയ അപകടസാധ്യത നേരിടുന്നത്. ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിക്കുന്ന ഓരോ അഞ്ച് പേരിലും ഒരാൾ കാൽനടയാത്രക്കാരനാണ്. ലതക്ക് ഈ കണക്കുകളൊന്നും അറിയില്ല. തന്റെ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിന് കാണുന്നതിനേക്കാൾ നീളമുണ്ടെന്ന് മാത്രമേ അവൾക്കറിയൂ. അടുത്ത റോഡ് ആസൂത്രണം ചെയ്യുമ്പോൾ, അതിന്റെ അരികിൽ നിൽക്കുന്ന ആരെയാണ് മനസ്സിൽ കാണുന്നത്?