Sabarimala Flag Mast Case: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ അഴിമതിയില്ല; കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതി
Sabarimala Flag Mast Case Verdict: രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും കോടതിയിൽ ഹാജരാക്കിയ വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തുടർനടപടികൾ വേണ്ടെന്നുവച്ച് കോടതി കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് ദേവസ്വം വിജിലൻസാണ് റിപ്പോർട്ട് കൊടുത്തത്.

Sabarimala
കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടില്ലെന്ന് ഹൈക്കോടതി. ഇതിന് പിന്നാലെ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി ഉത്തരവിറക്കി. വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കൊടിമര നിർമാണത്തിനായി ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂർണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.
കൂടാതെ രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും കോടതിയിൽ ഹാജരാക്കിയ വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തുടർനടപടികൾ വേണ്ടെന്നുവച്ച് കോടതി കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
ALSO READ: ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹാജരാക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ അന്വേഷണം നടക്കവെയാണ്, യുഡിഎഫ് ഭരണസമിതിക്കെതിരേ ഇത്തരത്തിൽ ഒരു ക്രമക്കേടിൽ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ മുമ്പാകെ എത്തയിത്. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് ദേവസ്വം വിജിലൻസാണ് റിപ്പോർട്ട് കൊടുത്തത്.
ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് എന്നിവർ ഉൾപ്പെടെ 27 പേരാണ് കൊടിമരം പുനഃപ്രതിഷ്ഠയ്ക്കായി സ്വർണം നൽകിയത്. അന്വേഷണ സംഘം ഇതിൽ 23 പേരുടെയും വിശദമായി മൊഴിയെടുത്തിരുന്നു. കൃത്യമായ മേൽവിലാസം ഇല്ലാത്തതിനാൽ അവശേഷിക്കുന്ന നാല് പേരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇവർ സംഭാവനയായി നൽകിയ സ്വർണം മുഴുവനായും നിർമ്മാണ ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിച്ചുവെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ക്രമക്കേട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്ഥാന വിജിലൻസ് മേധാവി കോടതിയെ അറിയിക്കുകയായിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചു.