AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala dolly service: ശബരിമലയിൽ ഡോളിക്കാർക്കിടയിലും തട്ടിപ്പുകാർ…. ദേവസ്വം നിശ്ചയിച്ച തുകയേക്കാൾ ഈടാക്കിയ തൊഴിലാളികൾ പിടിയിൽ

Four Dolly Workers Arrested for Cheating Ayyappa Devotees: കഴിഞ്ഞ മാസവും ശബരിമലയിൽ ഡോളി തൊഴിലാളികൾ ഭക്തരെ കബളിപ്പിച്ച് പണം തട്ടിയതിന് രണ്ട് പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Sabarimala dolly service: ശബരിമലയിൽ ഡോളിക്കാർക്കിടയിലും തട്ടിപ്പുകാർ…. ദേവസ്വം നിശ്ചയിച്ച തുകയേക്കാൾ ഈടാക്കിയ തൊഴിലാളികൾ പിടിയിൽ
Sabarimala Dolly ServiceImage Credit source: Google gemini
aswathy-balachandran
Aswathy Balachandran | Published: 20 Nov 2025 16:07 PM

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ നാല് ഡോളി (മഞ്ചൽ) തൊഴിലാളികൾ അറസ്റ്റിലായി. വണ്ടിപ്പെരിയാർ, മഞ്ചുമല സ്വദേശി വിനോജിത്ത് (35), കുമളി, ചെങ്കറ എസ്റ്റേറ്റിലുള്ള സുമൻരാജ് (34), ഇടുക്കി, പാമ്പനാർ സ്വദേശി സന്തോഷ് (49), പെരുവന്താനം സ്വദേശി ഗിരീഷ് (34) എന്നിവരാണ് അറസ്റ്റിലായത്.

 

തട്ടിപ്പിന്റെ രീതി

 

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ വീരങ്കി സാംബവശിവ (42) ആണ് തട്ടിപ്പിനിരയായത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഡോളിയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ തുക 12,500 രൂപ ആണ്. എന്നാൽ, പ്രതികൾ ഈ തുകയ്ക്ക് പുറമെ 11,500 രൂപ കൂടി അധികമായി കൈപ്പറ്റി ഭക്തനെ കബളിപ്പിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പമ്പ പോലീസ് സബ് ഇൻസ്പെക്ടർ കിരൺ വി.എസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പമ്പ പോലീസ് ഇൻസ്പെക്ടർ മനോജ് സി.കെ., സബ് ഇൻസ്പെക്ടർ കിരൺ വി.എസ്., സീനിയർ സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻ രാജ് എന്നിവരടങ്ങിയ സംഘം പിടികൂടി.

 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

 

കഴിഞ്ഞ മാസവും ശബരിമലയിൽ ഡോളി തൊഴിലാളികൾ ഭക്തരെ കബളിപ്പിച്ച് പണം തട്ടിയതിന് രണ്ട് പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീരുമേട് സ്വദേശികളായ കണ്ണൻ (31), രഘു ആർ. (27) എന്നിവരാണ് അന്ന് പിടിയിലായത്. കഴിഞ്ഞ തുലാമാസ പൂജയ്ക്കിടെ ദർശനത്തിനെത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. ഒക്ടോബർ 18-ന് തിരക്കായതിനാൽ തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത്, കൂടുതൽ ക്യൂ നിൽക്കാതെ വേഗത്തിൽ ദർശനം നടത്തിത്തരാം എന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് 10,000 രൂപ വാങ്ങി. പണം വാങ്ങിയ ശേഷം വാവര് നടയ്ക്ക് സമീപം എത്തിച്ചശേഷം ഇവർ കടന്നുകളയുകയായിരുന്നു.