Sabarimala Pilgrimage Death: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു
Sabarimala Pilgrimage Death: സത്രം പുല്ലുമേട് കാനനപാതയിൽ വച്ച് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്....
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സത്രം പുല്ലുമേട് കാനനപാതയിലാണ് സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചത്. ആന്ധ്ര സ്വദേശിയായ മല്ലികാർജുന റെഡ്ഡിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. അദ്ദേഹത്തിന് ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘത്തിനൊപ്പം ആണ് മല്ലികാർജുന റെഡ്‌ഡി എത്തിയത്. സത്രം പുല്ലുമേട് കാനനപാതയിൽ വച്ച് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായത്.
ALSO READ: തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്നും മഴ സാധ്യത
സീതക്കുളം ഭാഗത്ത് വച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദർശനത്തിന് കോഴിക്കോട് നിന്ന് എത്തിയ തീർത്ഥാടക കുഴഞ്ഞുവീണു മരിച്ചത്. കൊയിലാണ്ടി ചെങ്ങോട്ട് കാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമ്മാല്യം വീട്ടിൽ സതി ആയിരുന്നു മരിച്ചത്. 60 വയസ്സായിരുന്നു.
മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് 60 കരിയായ സതി കുഴഞ്ഞു വീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർത്ഥാടനത്തിനായി എത്തിയിരുന്നത്. ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കായിരുന്നു ശബരിമല തീർത്ഥാടന പാതയിലും സന്നിധാനം അനുഭവപ്പെട്ടിരുന്നത്. ആറ് മുതൽ ഏഴുമണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെ എത്താനായി തീർത്ഥാടകർക്ക് സമയം ചിലവഴിക്കേണ്ടി വന്നത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്നതിനുശേഷമാണ് പലർക്കും ദർശനം നടത്താൻ സാധിച്ചതെന്നും റിപ്പോർട്ട്.
അതേസമയം ശബരിമലയിൽ ഇന്നും നാളെയും മഴ സാധ്യത. നാളെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് രണ്ട് സെന്റീമീറ്റർ വരെ മഴയാണ് ലഭിക്കുക എന്നാണ് റിപ്പോർട്ട്. എന്നാൽ നാളെ ഒന്നു മുതൽ മൂന്ന് സെന്റീമീറ്റർ വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് പ്രവചനം.