Sabarimala: തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും
Sabarimala Thiruvabharana Ghoshayathra: ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി നടത്തുന്ന ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

തിരുവാഭരണ ഘോഷയാത്ര
തിരുവാഭരണ ഘോഷയാത്ര ഇന്ന്. ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രം ജനുവരി 12 ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ഈ മാസം 14നാണ് മകരജ്യോതി.
ഘോഷയാത്രാസംഘത്തിൽ 26 പേരാണ് ഉള്ളത്. ഇന്ന് പുറപ്പെടുന്ന യാത്ര മൂന്നാം നാൾ ശബരിമലയിലെത്തും. അന്ന് വൈകിട്ടോടെ തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന നടക്കും. 14ന് നടക്കുന്ന മകരജ്യോതിയ്ക്കും മകര സംക്രമപൂജയ്ക്കും ശേഷം ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകമുണ്ടാവും. കളാഭിഷേകവും 19ന് നടക്കുന്ന ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാവും നടക്കുക. 19 രാത്രി വരെയേ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുകയുള്ളൂ.
ജനുവരി 20ന് രാവിലെ 6 മണിയോടെ നട അടയ്ക്കും. തുടർന്ന് തിരുവാഭരണവുമായി രാജപ്രതിനിധി മടക്കയാത്ര ആരംഭിക്കും. 21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തും. ഉച്ചയ്ക്ക് 1.30 മുതൽ രാത്രി രണ്ട് മണി വരെയാവും ഇവിടെ ദർശനം. 22ന് ആറന്മുള കൊട്ടാരത്തിൽ തിരുവാഭരണ ദർശനം. 23ന് രാവിലെ എട്ട് മണിയോടെ തിരികെ പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തിൽ ഗംഭീരസ്വീകരണം നൽകും. ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിൻ്റെ സ്ട്രോങ് റൂമിലേക്ക് മാറ്റും.
സന്നിധാനത്ത് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുക. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് പരമാവധി 5000 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. 13, 14 തീയതികളിൽ എരുമേലി കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ സന്നിധാനത്തേക്ക് അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.