Fridge Defrost: ഫ്രിഡ്ജ് ഇങ്ങനെ ഡീഫ്രോസ്റ്റിംഗ് ചെയ്തുനോക്കൂ, കറന്റ് ബിൽ കുറയുന്നത് കാണാം
How to defrost refrigerator correctly: ഡീഫ്രോസ്റ്റ് ചെയ്തില്ലെങ്കിൽ ഫ്രിഡ്ജിൽ തണുപ്പിക്കൽ കുറയും. കട്ടിയുള്ള ഐസ് പാളി തണുത്ത വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തും. തണുപ്പ് നിലനിർത്താൻ മെഷീൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത് കംപ്രസ്സറിനെ ബാധിക്കും.
തിരുവനന്തപുരം: വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ് റഫ്രിജറേറ്റർ. എന്നാൽ കൃത്യമായ പരിപാലനം ഇല്ലാത്തത് കാരണം പലപ്പോഴും ഫ്രിഡ്ജിന്റെ തണുപ്പ് കുറയുകയും കറന്റ് ബിൽ അമിതമായി വർദ്ധിക്കുകയും ചെയ്യാറുണ്ട്. ഫ്രിഡ്ജിനുള്ളിൽ ഐസ് പാളികൾ അമിതമായി അടിഞ്ഞുകൂടുന്നത് തടയാൻ ഡീഫ്രോസ്റ്റിംഗ് കൃത്യസമയത്ത് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
എപ്പോൾ ഡീഫ്രോസ്റ്റ് ചെയ്യണം?
ഫ്രിഡ്ജിന്റെ മോഡലിനും ഉപയോഗത്തിനും അനുസരിച്ച് ഡീഫ്രോസ്റ്റ് ചെയ്യാൻ ഒരു സമയക്രമം ഉണ്ട്. ഓരോ 5 മുതൽ 7 ദിവസത്തിനുള്ളിലും ഡീഫ്രോസ്റ്റ് ചെയ്യണം. ഇത് മാസത്തിലൊരിക്കൽ ചെയ്യുന്നത് ഗുണകരമാകും. വേനൽക്കാലത്തോ വലിയ കുടുംബങ്ങളോ ആണെങ്കിൽ 3-4 ദിവസത്തിലൊരിക്കൽ ചെയ്യുന്നത് നല്ലതാണ്.
ഡീഫ്രോസ്റ്റ് ചെയ്തില്ലെങ്കിൽ ഫ്രിഡ്ജിൽ തണുപ്പിക്കൽ കുറയും. കട്ടിയുള്ള ഐസ് പാളി തണുത്ത വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തും. തണുപ്പ് നിലനിർത്താൻ മെഷീൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത് കംപ്രസ്സറിനെ ബാധിക്കും. ഫ്രിഡ്ജ് ദീർഘനേരം പ്രവർത്തിക്കുന്നത് വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർദ്ധിപ്പിക്കും. കൃത്യമായ താപനില ലഭിക്കാത്തതിനാൽ പച്ചക്കറികളും മറ്റും വേഗത്തിൽ നശിച്ചുപോകും.
ശരിയായ രീതി എങ്ങനെ?
ഫ്രിഡ്ജ് പ്ലഗ് അഴിച്ച ശേഷം സാധനങ്ങൾ പുറത്തെടുത്ത് വാതിൽ തുറന്നിടുക. ഐസ് സ്വാഭാവികമായി ഉരുകാൻ അനുവദിക്കണം. ഐസ് പെട്ടെന്ന് കളയാൻ മൂർച്ചയുള്ള വസ്തുക്കളോ ചൂടുവെള്ളമോ ഉപയോഗിക്കരുത്. ഇത് ഫ്രിഡ്ജിന്റെ ഉൾഭിത്തികൾക്ക് കേടുവരുത്തും. ഐസ് ഉരുകിയ ശേഷം ഉൾവശം നന്നായി ഉണക്കി മാത്രം വീണ്ടും ഓണാക്കുക. ഡീഫ്രോസ്റ്റിംഗിന് ശേഷം ഉടൻ തന്നെ ‘ഹൈ കൂളിംഗ്’ മോഡിലേക്ക് മാറ്റരുത്. 15-20 മിനിറ്റിനു ശേഷം ഇടത്തരം താപനിലയിൽ ആരംഭിക്കുന്നത് കംപ്രസ്സറിന്റെ ആയുസ്സ് കൂട്ടാൻ സഹായിക്കും.