Attukal pongala 2026: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് വീടുകളും മസ്ജിദുകളും തുറന്നുനൽകണം , ആഹ്വാനവുമായി പാളയം ഇമാം
Palayam Imam Suhail Maulavis message on Attukal Pongala 2026: ഭക്തർക്ക് സംഭാരവും കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിലും പള്ളി കമ്മിറ്റി മുന്നിട്ടിറങ്ങാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇമാമിന്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും സൗകര്യങ്ങൾ ഒരുക്കാനുമായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന് ആഹ്വാനം ചെയ്ത് പാളയം ഇമാം വി.പി സുഹൈബ് മൗലവി. വിദ്വേഷ പ്രചാരണങ്ങൾക്കും ഇസ്‌ലാമോഫോബിയയ്ക്കുമെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം ഇത്തരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദർഭങ്ങളാണെന്ന് ജുമാ നമസ്‌കാരത്തിനിടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തവണ പൊങ്കാല സമയം റമദാൻ നോമ്പ് കാലമായതിനാൽ മുസ്ലിം വീടുകളിൽ പകൽ പാനീയങ്ങളോ ഭക്ഷണമോ ഉണ്ടാകാനിടയില്ല. എന്നാൽ, പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി പ്രത്യേകമായി പാനീയങ്ങളും ലഘുഭക്ഷണവും ഒരുക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഇമാം നിർദ്ദേശിച്ചു. നമ്മുടെ മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക. ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു പ്രീതികരമായി സ്വീകരിക്കും, അദ്ദേഹം പറഞ്ഞു.
Also Read – പ്രതിഷേധവുമായി വന്ന ബിജെപി പ്രവർത്തകർക്ക് കൈകൊടുത്ത് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ
എല്ലാവർഷവും ആറ്റുകാൽ പൊങ്കാല ദിവസം പാളയം മസ്ജിദും പാളയം സെന്റ് ജോസഫ് കത്തീഡ്രലും ഭക്തർക്കായി തങ്ങളുടെ വാതിലുകൾ തുറന്നിടാറുണ്ട്. ഭക്തർക്ക് ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനും വിശ്രമിക്കാനും പള്ളി അധികൃതർ സൗകര്യമൊരുക്കാനും ശ്രമിക്കാറുണ്ട്.
ഇതിനായി പള്ളിയിലെ പ്രാർത്ഥനാ സമയക്രമത്തിൽ പോലും മാറ്റം വരുത്താറുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭക്തർക്ക് സംഭാരവും കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിലും പള്ളി കമ്മിറ്റി മുന്നിട്ടിറങ്ങാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇമാമിന്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്. “ഇതാണ് യഥാർത്ഥ കേരള സ്റ്റോറി” എന്ന ക്യാപ്ഷനുകളോടെ ആയിരക്കണക്കിന് ആളുകളാണ് ഈ മതമൈത്രിയുടെ സന്ദേശം പങ്കുവയ്ക്കുന്നത്.