Thayyil Child Murder Case: ഒരമ്മയും ചെയ്യാത്ത മഹാപാപം; ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ ശരണ്യയ്ക്ക് ജീവപര്യന്തം
Thayyil Toddler Death Case Update: തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഏറ്റവും ക്രൂരമായ മാതൃത്വ വിരുദ്ധ പ്രവർത്തിയാണ് ഉണ്ടായതെന്നും വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി ചൂണ്ടികാട്ടി. ശരണ്യയ്ക്ക് വധശിക്ഷ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്.
കണ്ണൂർ: മാതൃത്വമെന്ന വാക്കിനെപ്പോലും ലജ്ജിപ്പിച്ച ക്രൂരതയ്ക്കാണ് കണ്ണൂർ തയ്യിൽ കടപ്പുറം അന്ന് സാക്ഷ്യം വഹിച്ചത്. ഒന്നര വയസ്സുകാരനായ വിയാനെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി തിരമാലകളിലേക്ക് എറിഞ്ഞുകൊടുത്ത അമ്മ ശരണ്യയ്ക്ക് ഒടുവിൽ നീതിപീഠം അർഹിച്ച ശിക്ഷ നൽകി. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശരണ്യയ്ക്ക് വിധിച്ചത്. “ഒരമ്മയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തി” എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഏറ്റവും ക്രൂരമായ മാതൃത്വ വിരുദ്ധ പ്രവർത്തിയാണ് ഉണ്ടായതെന്നും വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി ചൂണ്ടികാട്ടി. ശരണ്യയ്ക്ക് വധശിക്ഷ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ പ്രായവും മുൻപ് കേസുകളിൽ പ്രതിയല്ലെന്നതും കണക്കിലെടുത്താണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വിയാന്റെ അച്ഛനായ പ്രണവിന് നൽകണമെന്നാണ് ഉത്തരവ്.
കേസിൽ ഭർത്താവായ പ്രണവിനുമേൽ കുറ്റം ചുമത്തി രക്ഷപ്പെടാൻ ശ്രമിച്ച ശരണ്യ ഒടുവിൽ കുടുങ്ങിയത് പോലീസിന്റെ ചോദ്യം ചെയ്യലിലാണ്. തന്റെ ആഗ്രഹങ്ങൾക്ക് തടസ്സമാകുമെന്ന് കരുതി സ്വന്തം ചോരയെ കടലിലെറിഞ്ഞ അമ്മയ്ക്ക് ഇനി ജയിലറയുടെ ഇരുളിൽ കഴിയാം. അന്വേഷണത്തിൽ പോലീസിനും പ്രോസിക്യൂഷനും ചില വീഴ്ചകൾ പറ്റിയതായും കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. ഇയാൾക്കുമേലുള്ള കുറ്റങ്ങൾ പോലീസിനും പ്രോസിക്യൂഷനും തെളിയിക്കാൻ കഴിയാഞ്ഞതാണ് ശിക്ഷ ലഭിക്കാതെ പോയത്.
ALSO READ: ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ കുറ്റക്കാരി, ശിക്ഷാ വിധി 21ന്
മനസാക്ഷിയെ മരവിപ്പിച്ച ക്രൂരത
2020 ഫെബ്രുവരി 17-ന് പുലർച്ചെ തയ്യിൽ കടൽത്തീരം സാക്ഷ്യം വഹിച്ചത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ക്രൂരതയ്ക്കായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് വെറും 50 മീറ്റർ മാത്രം അകലെയുള്ള കടൽഭിത്തിയിലെ പാറക്കൂട്ടങ്ങളിലേക്ക് ഒന്നര വയസ്സുകാരൻ വിയാനെ കരുതലോടെ അടക്കിപ്പിടിക്കേണ്ട കൈകൾ വലിച്ചെറിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് നാട്ടുകാരും പോലീസും മണിക്കൂറുകൾ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിൻ്റെ മൃതദേഹം കടൽതീരത്ത് കണ്ടെത്തിയത്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, പിന്നീട് ഒരമ്മയുടെ കള്ളക്കഥകൾ പൊളിച്ചടുക്കിയ നിർണായക വഴിത്തിരിവിലേക്ക് മാറുകയായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത വിയാൻ വധക്കേസിൽ ശാസ്ത്രീയ തെളിവുകൾ ശരണ്യയെ കുടുക്കിയെങ്കിലും, രണ്ടാം പ്രതി നിധിനെതിരെയുള്ള തെളിവുകളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതികൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളോ മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയോ ഒരു കൊലപാതകത്തിനുള്ള തെളിവായി കാണാൻ കഴിയില്ല. അവർ തമ്മിലുള്ള ബന്ധം ഗൂഢാലോചനയായി കണക്കാക്കാനാവില്ലെന്നും പറഞ്ഞ കോടതി പോലീസിന്റെ അന്വേഷണ രീതികളെയും രൂക്ഷമായി വിമർശിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ അവർ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ടെങ്കിലും അത് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്നതിന് വ്യക്തമായ തെളിവല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.