Kochi Water Metro: കൊച്ചി വാട്ടര്‍ മെട്രോയില്‍ വിമാനത്താവളം വരെ പോകാം; അണിയറയില്‍ ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന പദ്ധതികള്‍
Kochi Water Metro Nedumbassery Airport Connectivity: പുതിയ വിപുലീകരണ പദ്ധതികളുമായി കൊച്ചി വാട്ടര്‍ മെട്രോ. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് റൂട്ടുകള്‍ വിപുലീകരിക്കാന്‍ ലക്ഷ്യം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റൂട്ടും പരിഗണനയില്‍.
കൊച്ചി: സര്‍വീസുകളും, റൂട്ടുകളും വിപുലീകരിക്കാനുള്ള നീക്കവുമായി കൊച്ചി വാട്ടര്‍ മെട്രോ. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് റൂട്ടുകള്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റൂട്ടും പരിഗണനയിലുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റൂട്ടുകള്‍ വിപുലീകരിക്കുന്നതിനൊപ്പം, ബോട്ടുകളുടെ എണ്ണവും വര്‍ധിപ്പിക്കും. നിലവിൽ 20 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്ന് കപ്പലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായി വാട്ടർ മെട്രോ ഉദ്യോഗസ്ഥൻ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
15 ബോട്ടുകൾക്കായി അടുത്ത മാസം ടെൻഡർ വിളിക്കാനാണ് നീക്കം. നേരത്തെ വിളിച്ച ടെണ്ടർ ഉയർന്ന തുക കാരണം റദ്ദാക്കിയിരുന്നു. ആകെ ലക്ഷ്യമിടുന്ന 78 ബോട്ടുകളിൽ ബാക്കിയുള്ള 40 എണ്ണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം തേടാന്‍ അധികൃതർ ആലോചിക്കുന്നുണ്ട്.
നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നത് കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടും. വിനോദസഞ്ചാര റൂട്ടുകൾ വഴി വരുമാനം വര്‍ധിപ്പിക്കാനും വാട്ടര്‍ മെട്രോ പദ്ധതിയിടുന്നു.
സർവീസുകൾ ഉടന്‍
കടമക്കുടി, പാലിയംതുരുത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഈ വേനൽക്കാലത്ത് തന്നെ ആരംഭിക്കാനാണ് നീക്കം. ടൂറിസം സാധ്യതകൾ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഹൈക്കോടതി – ഫോർട്ട് കൊച്ചി പോലുള്ള റൂട്ടുകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ ബോട്ടുകൾ എത്തുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ്-പുതുവത്സര കാലയളവിൽ ഈ റൂട്ടില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
വിമാനത്താവളത്തിലേക്കും പോകാം
വിമാനത്താവളത്തിലേക്ക് സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങും. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എട്ട് കിലോമീറ്റർ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പെരിയാർ വഴിയുള്ള നിർദ്ദിഷ്ട ആലുവ-നെടുമ്പാശ്ശേരി റൂട്ടിനായുള്ള ഹൈഡ്രോളജിക്കൽ പഠനം ഈ ആഴ്ച ആരംഭിക്കും. കനാൽ വികസനത്തിന്റെ ആവശ്യകതയും ജലപ്രവാഹത്തിലുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളും പരിസര പ്രദേശങ്ങളിലെ ആഘാതവും പഠനവിധേയമാക്കും.
മൂന്നാഴ്ചയ്ക്കുള്ളിൽ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലക്ഷ്യം. ആദ്യം സാധ്യതാ റിപ്പോര്‍ട്ടും, പിന്നീട് വിശദമായ പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. നിർദ്ദിഷ്ട നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷനെ വാട്ടർ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.