Rahul Mamkootathil: പിന്തുണച്ചത് സംഘടനാപ്രവർത്തനത്തെ മാത്രം, മറ്റ് രീതികളെയല്ല; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി ഷാഫി പറമ്പിൽ
Shafi Parambil On Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി ഷാഫി പറമ്പിലിൻ്റെ നിലപാട്. രാഹുലിൻ്റെ മറ്റ് രീതികളെയല്ല, സംഘടനാപ്രവർത്തനത്തെ മാത്രമാണ് താൻ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി ഷാഫി പറമ്പിൽ എംപി. താൻ പിന്തുണച്ചത് രാഹുലിൻ്റെ സംഘടനാപ്രവർത്തനത്തെ മാത്രമാണെന്നും മറ്റ് രീതികളെയല്ലെന്നും ഷാഫി പറഞ്ഞു. സൗഹൃദത്തിൻ്റെ പേരിലല്ല താൻ രാഹുലിനെ പാർട്ടിയിൽ കൊണ്ടുവന്നത്. രാഹുലിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതികൾ തനിക്ക് ലഭിച്ചിരുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്.
രാഹുലിനെതിരെ ആക്ഷേപം വന്നപ്പോൾ തന്നെ മറ്റൊരു പാർട്ടിയും എടുക്കാത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ഷാഫി പറമ്പിൽ അവകാശപ്പെട്ടു. രേഖാമൂലം പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തി. രേഖാമൂലം പരാതി ലഭിച്ചപ്പോള്‍ നിയമപരമായി പോകട്ടെ എന്നതായിരുന്നു പാർട്ടി നിലപാട്. പാർട്ടി ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയിൽ നിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായം തനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
Also Read: Rahul Mamkoottathil: പുതിയ നീക്കവുമായി രാഹുൽ! ജാമ്യത്തിനായുള്ള അടുത്ത വഴി കണ്ടെത്തി
വ്യക്തിപരമായ സൗഹൃദത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതല്ല. പാർട്ടി വഴിയാണ് തനിക്ക് രാഹുലുമായി സൗഹൃദമുണ്ടായത്. പാർട്ടിയിലെ പുതിയ തലമുറയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. വ്യക്തിപരമായി ആളുകളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടില്ല. അവരുടെ സംഘടനാപ്രവർത്തനത്തെയാണ് പിന്തുണച്ചത്, മറ്റ് തരത്തിലുള്ള പ്രവർത്തനങ്ങൾക്കല്ല. രാഹുലിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതികൾ തനിക്ക് രേഖാമൂലം ലഭിച്ചിട്ടില്ലെന്നും ഷാഫി തുടർന്നു.
എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പിടിയിലാവുമെന്നാണ് സൂചന. കർണാടക അതിർത്തിയിൽ രാഹുൽ ഉണ്ടെന്നാണ് സൂചനകൾ. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു. രാഹുൽ സുള്ള്യയിലുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ കണക്കുകൂട്ടൽ. ഇതിനിടെ രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ ജോസ് കസ്റ്റഡിയിലായിരുന്നു.