Private Bus: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും, എറണാകുളത്ത് ഒറ്റ ദിവസം 80 കേസുകൾ, 1.30 ലക്ഷം രൂപ പിഴ
Strict Action Against Private Buses In Kochi: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് എന്നിവയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ 80 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വിവിധ നിയമലംഘനങ്ങളിലായി ഏകദേശം

പ്രതീകാത്മക ചിത്രം
കൊച്ചി: തുടർച്ചായായി ഉണ്ടാകുന്ന സ്വകാര്യ ബസ്സുകളുടെ നിയമ ലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കുകയാണ് എറണാകുളത്തെ മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക പരിശധന നടത്തി. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് എന്നിവയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ 80 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വിവിധ നിയമലംഘനങ്ങളിലായി ഏകദേശം 1.30 ലക്ഷം രൂപ പിഴ ഈടാക്കിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വകാര്യ ബസ്സുകൾക്കെതിരെ ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയത്. എറണാകുളം, കലൂർ, ആലുവ, വൈറ്റില, തൃപ്പൂണിത്തുറ, തേവര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടന്നത്. പെർമിറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായുള്ള സർവീസ്, കൃത്യമായ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ, ഡോർ ഷട്ടർ തുറന്നിട്ടുകൊണ്ട് സർവീസ് നടത്തുക, വാഹനങ്ങളിൽ അനധികൃതമായി രൂപ മാറ്റങ്ങൾ നടത്തുക, വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് മറച്ചുവയ്ക്കുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
Also Read: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകുന്ന രീതിയിലുള്ള ഡ്രൈവിങ് രീതിയെ ആണ് പ്രത്യേകമായി പരിശോധിച്ചത്. ബസ് സ്റ്റോപ്പുകളിൽ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടുപോകുക, മറ്റു വാഹനങ്ങളുമായി മത്സരിച്ച് ഓടുക, അനുവദനീയമായ രീതികൾ പാലിക്കാതെ സർവീസ് ഓപ്പറേറ്റ് ചെയ്യുക എന്നിവയും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ കർശനമായ നടപടി സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബസുകളുടെ സർവീസ് നിയമാനുസൃതമാക്കുന്നതിനുമായി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പ്രധാന ബസ് റൂട്ടുകളിലും തിരക്കേറിയ മേഖലകളിലുമാണ് പരിശോധന കൂടുതൽ ശക്തമാക്കും.സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗവും സംബന്ധിച്ച് യാത്രക്കാരിൽനിന്നും പൊതു ജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary
The Motor Vehicles Department in Ernakulam is intensifying action against the recurring traffic violations by private buses. As part of this initiative, a special drive was conducted today at key locations across the district.