വേനൽച്ചൂട് കടുക്കുന്നു: കണ്ണൂരിലും തൃശ്ശൂരിലും ഏക്കർ കണക്കിനു ഭൂമി കത്തി നശിച്ചു
സൂര്യതാപമേൽക്കാനുള്ള സാധ്യതകളും ഇതിനൊപ്പം കൂടുന്നു. കനത്ത ജാഗ്രതാ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വേനൽ കടുത്തതോടെ തീപ്പിടുത്തങ്ങളും കൂടുന്നതായി റിപ്പോർട്ട്. കണ്ണൂരിലും തൃശൂരിലുമുള്ള വയലുകളില്ലാണ് വൻ തീപ്പിടുത്തം ഉണ്ടായത്. ഏക്കറു കണക്കിന് ഭൂമി തീ പടര്‍ന്നു നശിച്ചു. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ട് ചെയ്തത്.
പുല്ല് കൂട്ടംകൂടി വളര്‍ന്നു നില്‍ക്കുന്ന വയലുകളിലാണ് ചൂട് കടുത്തപ്പോൾ തീപ്പിടിച്ചത്. ഇത് വേഗം തന്നെ പടർന്നു. വൈകീട്ടായിട്ടും തീ അണയ്ക്കാൻ കഴിഞ്ഞില്ല. കണ്ണൂർ കല്യാശേരി വയക്കരയിലുള്ള വയലിലാണ് മറ്റൊരു തീപ്പിടുത്തം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് ഇവിടെ തീപ്പിടിച്ചത്. ഉണങ്ങിയ പുല്ലാണ് ഇവിടെ അധികവും ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. ഇതാവാം തീപ്പിടുത്തതിന് കാരണമെന്ന് സമീപവാസികൾ പറയുന്നു. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സ് തീ കെടുത്താനായി എത്തി.
എന്നാൽ വെള്ളത്തിന്‍റെ കുറവു കാരണം തീ അണയ്ക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. എങ്കിലും ഇവിടെ ശ്രമം തുടരുകയാണ്. പ്രദേശത്താകെ പുക പടര്‍ന്ന് ഒന്നും കാണാനാകാത്ത അവസ്ഥ ആയതോടെയാണ് നാട്ടുകാര്‍ തീപ്പിടുത്ത വിവരം അറിഞ്ഞത്.
അപ്പോഴേക്കും ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലില്‍ തീ പടര്‍ന്നിരുന്നു. തൃശൂരിലും ഇതേ അവസ്ഥ തന്നെയാണെന്നാണ് റിപ്പോർട്ട്. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു ഉണ്ടായിരുന്നത്. പ്രദേശത്താകെ പുക നിറഞ്ഞപ്പോഴാണ് ഇവിടെയും പരിസരവാസികൾ വിവരമറിഞ്ഞത്.
ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് മാത്രമാണ് ഇവിടേക്ക് എത്തിയത്. അതുകൊണ്ട് നാട്ടുകാർ കൂടി ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയേ വഴി ഉണ്ടായിരുന്നുള്ളൂ. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാൻ കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തിൽ ആളുകള്‍ക്ക് പരുക്കില്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില വർധിച്ചതോടെ ഇത്തരം സംഭവങ്ങളും കൂടുകയാണ്. സൂര്യതാപമേൽക്കാനുള്ള സാധ്യതകളും ഇതിനൊപ്പം കൂടുന്നു. കനത്ത ജാഗ്രതാ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കുക.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് കഴിവതും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും അയഞ്ഞ ഇളം നിറത്തിലുള്ല കോട്ടൻ വസ്ത്രങ്ങൾ ശീലമാക്കുകയും ചെയ്യുക.