Theft: സ്കൂളിൽ മോഷ്ടിക്കാൻ കയറി വരാന്തയിൽ കിടന്നുറങ്ങി; പിറ്റേന്ന് രാവിലെ മോഷ്ടാവ് പിടിയിൽ
Thief Gets Caught In Attingal: സ്കൂളിൽ മോഷ്ടിക്കാൻ കയറി അവിടെത്തന്നെ കിടന്നുറങ്ങിയ മോഷ്ടാവ് പിടിയിൽ. ആറ്റിങ്ങലാണ് സംഭവം.
സ്കൂളിൽ മോഷ്ടിക്കാൻ കയറി ഉറങ്ങിപ്പോയ മോഷ്ടാവ് പിടിയിൽ. മോഷണത്തിന് ശേഷം സ്കൂളിൽ തന്നെ കിടന്നുറങ്ങിയ മോഷ്ടാവാണ് പിറ്റേന്ന് രാവിലെ അറസ്റ്റിലായത്. ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി വിനീഷിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് വിനീഷ് മോഷ്ടിക്കാനായി സ്കൂളിലേക്ക് കയറിയത്. പല മുറികളും കുത്തിത്തുറന്ന് പരിശോധിച്ചു. ക്യാഷ് കൗണ്ടർ തുറന്ന് ഒരു യുപിഎസും പാലിയേറ്റിവ് കെയർ കളക്ഷൻ പെട്ടികൾ തകർത്ത് അതിലെ പണവും കൈക്കലാക്കി. മോഷണം കഴിഞ്ഞപ്പോൾ കലശലായ ഉറക്കം വന്ന വിനീഷ് അവിടെത്തന്നെ കിടന്നുറങ്ങി.
രാവിലെ ലൈറ്റണയ്ക്കാനെത്തിയ സുരക്ഷാജീവനക്കാരൻ മോഷണത്തിൻ്റെ അടയാളങ്ങൾ ശ്രദ്ധിച്ചു. ക്യാഷ് കൗണ്ടർ കുത്തിപ്പൊളിച്ചതും ലോക്കർ തുറക്കാൻ ശ്രമിച്ചതുമൊക്കെ കണ്ട ഇയാൾ മോഷണം ഉറപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹയർസെക്കൻഡറി ബ്ലോക്കിൽ ആൺകുട്ടികളുടെ ശൗചാലയത്തിനടുത്ത്, നിലത്ത് കിടന്നുറങ്ങുന്ന യുവാവിനെ ജീവനക്കാരൻ കണ്ടു. അടുത്ത് തന്നെ പണവും യുപിഎസും ആയുധങ്ങളുമുണ്ടായിരുന്നു. ഉടൻ തന്നെ സുരക്ഷാജീവനക്കാരൻ പോലീസിനെയും സ്കൂൾ അധികൃതരെയും അറിയിച്ചു.
പോലീസെത്തി വിളിച്ചപ്പോഴാണ് മോഷ്ടാവ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. പോലീസിനെ കണ്ടെങ്കിലും രക്ഷപ്പെടാനൊന്നും വിനീഷ് ശ്രമിച്ചില്ല. കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി.