Actress Kaveri: ഒറ്റ നോട്ടത്തിൽ ലോഹി സാറിന് ഇഷ്ടമായില്ല, പേര് പറയാതെ ഫോട്ടോ കാണിച്ചു; ഒടുവിൽ കാവേരി മമ്മൂട്ടിയുടെ നായികയായി
Kaveri In Udhyanapalakan Movie: മലയാള സിനിമയിൽ ഒരു കാലത്തെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു കാവേരി. സിദ്ധു പനയ്ക്കലിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ നടി 'ഉദ്യാനപാലകൻ' എന്ന ചിത്രത്തിലേക്ക് എത്തിയ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് സിദ്ധു പനയ്ക്കൽ. ഇപ്പോഴിതാ അദ്ദേഹം തൻ്റെ സിനിമാ ജീവിതത്തിനിടെ നടന്ന ഒരു കൗതുകകരമായ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനായ ‘ഉദ്യാനപാലകൻ’ എന്ന ചിത്രത്തിലേക്ക് നടി കാവേരിയെ നായികയായി തിരഞ്ഞെടുത് എങ്ങനെയെന്ന രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഒരു കാലത്തെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു കാവേരി. സിദ്ധു പനയ്ക്കലിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ നടി ‘ഉദ്യാനപാലകൻ’ എന്ന ചിത്രത്തിലേക്ക് എത്തിയ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഉദ്യാനപാലകനിലെ നായികയെ കണ്ടെത്താനുള്ള ഓഡിഷനിടെയാണ് കാവേരി എത്തുന്നത്. ആദ്യ നോട്ടത്തിൽ സംവിധായകൻ ലോഹിതദാസിന് കാവേരിയെ നായികയായി ഇഷ്ടമായില്ല. “പറ്റില്ല, നമുക്ക് വേറെ ആളെ നോക്കാം” എന്നായിരുന്നു ലോഹിസാറിൻ്റെ പ്രതികരണം. അങ്ങനെ കാവേരിയെ ലോഹിസാർ അന്ന് റിജക്ട് ചെയ്തു. മധ്യവയസ്കനായ ഒരാണും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയും തമ്മിലുള്ള സ്നേഹബന്ധത്തിൻ്റെ കഥയാണ് ഉദ്യാനപാലകൻ എന്ന ചിത്രം.
ALSO READ: മമ്മൂട്ടി ഇതുതന്നെ പറയും, അഹങ്കാരിയാണ് അയാൾ! സംവിധായകൻ നിഷാദ് കോയ
നായകനായി മമ്മൂട്ടിയെ ഫിക്സാക്കി. എന്നാൽ നായികയെ അപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം ഞങ്ങൾ ലോഹി സാറിന്റെ വീട്ടിൽ ഇരിക്കുമ്പോൾ നടൻ കൃഷ്ണപ്രസാദ് സാറിനെ കാണാൻ വന്നു. സംസാരത്തിനിടയിൽ നായികയെ കണ്ടെത്തിയില്ല എന്ന വിഷയം ചർച്ചയായി. കൃഷ്ണപ്രസാദാണ് കാവേരിയെ ലോഹി സാറിന് കാണിച്ചുകൊടുത്തത്. എന്നാൽ സാറിന് ഇഷ്ടമായില്ല. ഒരുപക്ഷേ കുട്ടിത്തം നിറഞ്ഞ മുഖമായതിനാലാകണം സാറിന് ഇഷ്ടപ്പെടാഞ്ഞത്.
അങ്ങനെ അന്ന് എന്റെ കൂടെ വർക്ക് ചെയ്യുന്ന ശശി ഗുരുവായൂർ എന്ന മാനേജരോട് പ്രൊഡ്യൂസറേ കണ്ട് പണം വാങ്ങി പോയി കാവേരിക്ക് അഡ്വാൻസ് കൊടുക്കണമെന്നും ഒരു ഫോട്ടോഗ്രാഫറേ കൊണ്ട് പോയി വിവിധതരം ഡ്രസ്സ് ധരിപ്പിച്ച് ഫോട്ടോ എടുക്കണമെന്നും ആവശ്യപ്പെട്ടു. അയാൾ പറഞ്ഞ ജോലി കൃത്യമായി ചെയ്ത് ഫോട്ടോസ് എന്നെ ഏല്പിച്ചു. ആ ഫോട്ടോസ് ഞാൻ ബാഗിൽ സൂക്ഷിച്ചു. ഒരു ദിവസം ലോഹിസാറും ഞാനും സംസാരിച്ചിരിക്കുകയായിരുന്നു. വീണ്ടും വിഷയം നായികതന്നെ.
ഞാൻ പറഞ്ഞു സാർ എന്റെ കയ്യിൽ ഒരു പെൺകുട്ടിയുടെ ചിത്രങ്ങളുണ്ട്. കാവേരി എന്ന് പറഞ്ഞാൽ കാണാൻ താല്പര്യം കാണിച്ചില്ലെങ്കിലോ എന്ന് കരുതി അറിയില്ല പുതിയ കുട്ടിയാണെന്ന് ഞാൻ പറഞ്ഞു. അടുത്ത പടത്തിലേക്ക് നോക്കാൻ വേണ്ടി ഫോട്ടോ കൊണ്ട് വന്നതാ. എങ്കിൽ കാണട്ടെ എന്ന് സാർ. ഞാൻ ഫോട്ടോസ് കാണിച്ചു കൊടുത്തു. ഇത് കാവേരിയല്ലേ എന്ന് ഫോട്ടോ നോക്കി സാർ പറഞ്ഞു. പല പോസിലും, വേഷത്തിലുമുള്ള ഫോട്ടോസ് കൊള്ളാമല്ലോ സാറിനിഷ്ടമായി. എല്ലാ ഫോട്ടോസും നോക്കിയ ശേഷം സാർ പറഞ്ഞു. ഇവൾ തന്നെ നമ്മുടെ നായിക. അങ്ങനെ ഒടുവിൽ കാവേരി മമ്മൂട്ടിയുടെ നായികയായി.